ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി; പരസ്പര സംരംഭകത്വത്തിന്റെ സുവർണകാലം -പീയൂഷ് ഗോയൽ
text_fieldsഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടിയിൽ ദുബൈ ചേംബർ പ്രസിഡന്റ്
മുഹമ്മദ് ലൂത്ത സംസാരിക്കുന്നു
ദുബൈ: ഇന്ത്യ-യു.എ.ഇ സംരംഭകത്വത്തിന്റെ സുവർണകാലമാണിതെന്ന് ഇന്ത്യൻ വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ. സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാർ (സെപ) ഒപ്പുവെച്ചത് പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ ചേംബർ ദുബൈയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഉച്ചകോടി ഇന്ന് സമാപിക്കും.
ഭക്ഷ്യസുരക്ഷക്ക് സെപ കരാർ ഉപകരിക്കും. ഇരു രാജ്യങ്ങളും മുൻഗണന നൽകുന്ന മേഖലയാണ് ഭക്ഷ്യസുരക്ഷ. സെപ യാഥാർഥ്യമായതോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് ഉത്തേജനമുണ്ടായി. ഇത് ഭക്ഷ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഊർജം പകർന്നു. സെപ കരാർ ഗുണം ചെയ്യുന്ന രണ്ടാമത്തെ മേഖല ആഭരണ മേഖലയാണ്. ഈ മേഖലക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിന് ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ദുബൈയിൽ ഇന്ത്യൻ ജ്വല്ലറി എക്സ്പോസിഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ട്. സ്വർണത്തിന്റെയും വജ്രത്തിന്റെയും ആഗോള വ്യാപാര കേന്ദ്രമെന്ന ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാൻ ഈ നീക്കം സഹായിക്കും. ഹരിതോർജം, വെർച്വൽ വ്യാപാര ഇടനാഴി, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം യു.എ.ഇ പ്രധാന പങ്കാളിയാണ്. മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്കും തന്ത്രപ്രധാനമായ കവാടമാണിത്. ബംഗളൂരു, മുംബൈ, ന്യൂഡൽഹി, അബൂദബി, ദുബൈ തുടങ്ങിയ ബിസിനസ് ഹബുകളിൽ നിന്നും സംരംഭകത്വത്തിന്റെ സുവർണ കാലഘട്ടമാണ് ഉയർന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ കരാർ ഇന്ത്യൻ കമ്പനികളുടെ വ്യാപാര മേഖല വ്യാപിപ്പിക്കുമെന്ന് ദുബൈ ചേംബർ പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് ലൂത്ത പറഞ്ഞു. ഇന്ത്യൻ കമ്പനികൾക്ക് യു.എ.ഇയിലേക്ക് വരാനുള്ള അവസരം കരാർ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.