ഇന്ത്യ- യു.എ.ഇ ജോയന്റ് കമീഷൻ യോഗം: യു.പി.ഐ പണമിടപാടിൽ ൈകകോർക്കാൻ ചർച്ച
text_fieldsഅബൂദബിയിൽ നടന്ന ഇന്ത്യ-യു.എ.ഇ ജോയന്റ് കമീഷൻ യോഗം
ദുബൈ: ഇന്ത്യയിലെയും യു.എ.ഇയിലെയും പണമിടപാട് പ്ലാറ്റ്ഫോമുകൾ ബന്ധിപ്പിക്കാൻ ചർച്ച സജീവമാകുന്നു. ഇരുരാജ്യങ്ങളും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ (സെപ) തുടർച്ചയായാണ് നീക്കം. അബൂദബിയിൽ വെള്ളിയാഴ്ച നടന്ന ഇന്ത്യ-യു.എ.ഇ ജോയന്റ് കമീഷൻ യോഗത്തിലാണ് ഇന്ത്യയിലെ യുനൈറ്റഡ് പേമെന്റ് ഇന്റർഫേസ് ( ) മാതൃകയിൽ പേമെന്റ് പ്ലാറ്റ്ഫോമുകൾ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നതെന്ന് യോഗത്തിനുശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതിന് സാധ്യതയേറെയാണെന്ന് യോഗത്തിൽ പങ്കെടുത്ത വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ചൂണ്ടിക്കാട്ടി. നേരത്തെ ഇന്ത്യയും സിംഗപ്പൂരും ഫാസ്റ്റ് പേമെന്റ് സംവിധാനങ്ങളായ യു.പി.ഐ, പേനൗ എന്നിവ ബന്ധിപ്പിക്കാൻ സമ്മതിച്ചത് ഇരുരാജ്യങ്ങൾക്കും നേട്ടമായിരുന്നു. ഇന്ത്യയും റഷ്യയും സമാനമായ സംവിധാനത്തിന് ശ്രമിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയും യു.എ.ഇയും ഫെബ്രുവരിയിൽ ഒപ്പിട്ട സെപ കരാർ ഇരുരാജ്യങ്ങൾക്കും നേട്ടമായെന്ന വിലയിരുത്തലാണുള്ളത്. ഇതിന് തുടർച്ചയായി കൂടുതൽ മേഖലകളിൽ സഹകരണത്തിനുള്ള ആലോചനകളാണ് ജോയന്റ് കമീഷൻ യോഗത്തിൽ നടന്നത്. യോഗത്തിന് ശേഷം മന്ത്രി എസ്. ജയ്ശങ്കർ അൽശാത്തി കൊട്ടാരത്തിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉഭയകക്ഷിബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തും വിദേശകാര്യമന്ത്രി കൈമാറി. ജോയന്റ് കമീഷൻ യോഗത്തിൽ ഐ2യു2 (ഇന്ത്യ, ഇസ്രായേൽ, യു.എസ്, യു.എ.ഇ) ഉച്ചകോടിയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകളും നടന്നു. ഭക്ഷ്യസുരക്ഷാമേഖലയിൽ ഇരുപക്ഷവും നടക്കുന്ന ചർച്ചകൾ മന്ത്രിമാർ അവലോകനംചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിലും ഇരുരാജ്യങ്ങളും സംതൃപ്തി അറിയിച്ചു. ഫിൻടെക്, എജൂടെക്, ഹെൽത്ത്ടെക്, അഗ്രിടെക്, ലോജിസ്റ്റിക്സ്, വിതരണശൃംഖല തുടങ്ങി വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പുകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

