ന്യൂയോർക്കിൽ ഇന്ത്യ-യു.എ.ഇ-ഫ്രഞ്ച് മന്ത്രിമാരുടെ കൂടിക്കാഴ്ച
text_fieldsയു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഫ്രഞ്ച് വിദേശകാര്യമന്ത്രി എന്നിവർ തമ്മിൽ ന്യൂയോർക്കിൽ
നടന്ന ചർച്ച
ദുബൈ: ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യ, യു.എ.ഇ, ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൽ കൊളോന എന്നിവരാണ് ചർച്ച നടത്തിയത്. മൂന്ന് രാജ്യങ്ങളും തമ്മിൽ ഒരുമിച്ച് നീങ്ങാവുന്ന മേഖലകളിലെ സഹകരണത്തെ കുറിച്ച് ചർച്ച ചെയ്തു.
സാമ്പത്തിക സമൃദ്ധിയും സുസ്ഥിര വികസനവുമായിരുന്നു മുഖ്യ ചർച്ചാവിഷയം. കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാൻ ഒരുമിച്ച് പ്രവർത്തിക്കും. അടുത്ത വർഷം 28ാമത് പാർട്ടീസ് കോൺഫറൻസ് (ഇ.ഒ.പി28) യു.എ.ഇയിൽ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച ചർച്ച നടന്നത്. പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ, ഊർജം, ഭക്ഷ്യസുരക്ഷ ഉൾപ്പെടെ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു. ഇന്ത്യയുമായും ഫ്രാൻസുമായും യു.എ.ഇക്ക് പ്രത്യേക ബന്ധവും തന്ത്രപരമായ പങ്കാളിത്തവും ഉണ്ടെന്നും മൂന്ന് രാജ്യങ്ങൾക്കും വികസന വിഷയത്തിൽ പൊതുവായ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും ഉണ്ടെന്നും ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
ത്രിരാഷ്ട്ര ചർച്ചയുടെ പ്രാധാന്യം വളരെ വലുതാണെന്നും എല്ലാ മേഖലകളിലും സഹകരണം ഉറപ്പുവരുത്തുമെന്നും എസ്. ജയ്ശങ്കറും കൊളോനയും പറഞ്ഞു. യു.എ.ഇ വ്യവസായ, സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിർ, വിദേശകാര്യ സഹമന്ത്രി ലന സാകി നുസൈബ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

