സുരക്ഷ ചർച്ച ചെയ്ത് ഇന്ത്യ-യു.എ.ഇ വിദേശകാര്യ മന്ത്രിമാർ
text_fieldsഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ അബൂദബിയിൽ സ്വീകരിക്കുന്നു
അബൂദബി: യു.എ.ഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബൂദബിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷ സാഹചര്യങ്ങൾ ചർച്ചയായതായി ദേശീയ വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു.
ഇറാൻ ആക്രമണങ്ങൾ മേഖലയിലും ആഗോള തലത്തിലും പ്രത്യേകിച്ച് അന്താരാഷ്ട്ര സുരക്ഷ, കടൽഗതാഗതം, ഊർജവിതരണം, ആഗോള സാമ്പത്തികം എന്നിവയിൽ ഉണ്ടാക്കുന്ന ഗൗരവമായ പ്രത്യാഘാതങ്ങൾ ഇരുവരും വിലയിരുത്തി.
യു.എ.ഇയുടെ പരമാധികാരവും അഖണ്ഡതയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് ഇന്ത്യയുടെ പൂർണ ഐക്യദാർഡ്യമുണ്ടെന്ന് മന്ത്രി ജയ്ശങ്കർ വ്യക്തമാക്കി. സന്ദർശനം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. രാജ്യത്തെ എല്ലാ താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ട് ആഴ്ചത്തെ വെടിനിർത്തൽ സംബന്ധിച്ചും പുതിയ മേഖലാതല സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മേഖലയിൽ സ്ഥിരമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ഇരുവരും ചൂണ്ടിക്കാണിച്ചു.
പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. യോഗത്തിൽ യു.എ.ഇ അന്താരാഷ്രട സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാശിമിയും സഹമന്ത്രി സഈദ് മുബാറക് അൽ ഹജ്രിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

