‘ഇന്ത്യ-^യു.എ.ഇ സാമ്പത്തിക മുന്നേറ്റം പുതു മേഖലകളിലേക്ക്’
text_fieldsദുബൈ: വൈവിധ്യവൽക്കരണ പദ്ധതികളിൽ യു.എ.ഇയും ഇന്ത്യയും കൈകോർക്കുകയാണെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കെയ്ത്. നൂതന ആശയങ്ങളിലൂടെയും സാങ്കേതിക-വൈജ്ഞാനിക മികവിലൂടെയും എണ്ണയിതര കാലഘട്ടത്തിലേക്ക് യു.എ.ഇ. മുന്നേറുമ്പോൾ ഇന്ത്യയും വികസനപാതയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എ.ഇ-ഇന്ത്യ സാമ്പത്തിക ഫോറത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ സഹകരണം ഊർജിതമാക്കിയ ഇരു രാജ്യങ്ങൾക്കും ശക്തമായ സാമ്പത്തിക അടിത്തറയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ-സാമ്പത്തിക മേഖലകളിൽ ഒട്ടേറെ കരാറുകളിൽ ഒപ്പുവച്ചു.
കൂടുതൽ കരാറുകൾ രൂപം കൊള്ളുകയാണ്. ഇരട്ടച്ചുങ്കം ഒഴിവാക്കൽ, നിക്ഷേപ സമാഹരണ, സംരക്ഷണ നടപടികൾ തുടങ്ങിയവ നൂതന പദ്ധതികൾക്കു വഴിയൊരുക്കുന്നു. വ്യവസായം, ഗതാഗതം, ടൂറിസം, കാർഷികം, പാരമ്പര്യേതര ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യകൾ, ജലം, ബഹിരാകാശം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിവയിൽ കൂടുതൽ സഹകരണമുണ്ടാകുകയും സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്യും.
കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും സാധ്യതകൾ കണ്ടെത്തുകയും ചെയ്യുക, നിക്ഷേപ പദ്ധതികളുടെ സമഗ്രരൂപരേഖയുണ്ടാക്കുക, നിക്ഷേപകർക്കു മാർഗനിർദേശങ്ങൾ നൽകുക, നിക്ഷേപനിധി കണ്ടെത്തുകയും വിനിയോഗത്തിനുള്ള മാർഗരേഖകൾ തയാറാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് സാമ്പത്തിക ഫോറത്തിെൻറ പരിധിയിലുള്ളത്.
സാമ്പത്തിക മന്ത്രാലയം, യുഎഇ ഇൻറർനാഷനൽ ഇൻവെസ്‌റ്റേഴ്‌സ് കൗൺസിൽ (യുഎഇഐഐസി), ഫെഡറേഷൻ ഓഫ് യു.എ.ഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഇൻവെസ്റ്റ് ഇന്ത്യ, ഷാർജ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഡവലപ്മെൻറ് അതോറിറ്റി (ഷുരൂഖ്) എന്നിവയും സാമ്പത്തിക ഫോറത്തിൽ പങ്കാളികളാണ്. വിവിധ മേഖലകളിലെ മികവിന് ഡോ.ബി.ആർ. ഷെട്ടി ഉൾപ്പെടെ ഇന്ത്യൻ വാണിജ്യ നേതാക്കളെ ഖാദത് അൽ തഗീർ അവാർഡ് നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
