ഇന്ത്യ-യു.എ.ഇ സഹകരണം: ആരോഗ്യ, വാണിജ്യ മേഖലയിൽ ശക്തിപ്പെടുത്തും
text_fieldsയു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അബൂദബിയിൽ നടത്തിയ കൂടിക്കാഴ്ച
ദുബൈ: ആരോഗ്യ, വാണിജ്യ മേഖലയിൽ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം. അബൂദബിയിൽ യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ചർച്ച ചെയ്തു. ഇന്ത്യ- യു.എ.ഇ സഹകരണം വാണിജ്യ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ കൂടുതൽ അവസരം സൃഷ്ടിക്കുമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ ചരിത്രപരമായ ബന്ധത്തിനും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികൾക്കും ശൈഖ് അബ്ദുല്ല നന്ദി പറഞ്ഞു. സഹമന്ത്രി അഹ്മദ് അലി അൽ സയെഗും ചർച്ചയിൽ പങ്കെടുത്തു. ശൈഖ് അബ്ദുല്ലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സന്തോഷമുണ്ടെന്നും ചർച്ചകൾ മുന്നോട്ടുപോകുമെന്നും ഡോ. എസ്. ജയ്ശങ്കർ ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസങ്ങളിലായി വിവിധ കേന്ദ്രമന്ത്രിമാർ യു.എ.ഇ സന്ദർശിച്ചിരുന്നു. നാലു മാസം മുമ്പ് ജയ്ശങ്കർ യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചു. ഫെബ്രുവരിയിൽ ഡൽഹിയിൽ വെച്ച് ശൈഖ് അബ്ദുല്ലയും ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി. ജനുവരിയിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യു.എ.ഇയിൽ എത്തിയിരുന്നു.
ഇന്ത്യ-പാക് ചർച്ചയിൽ അവ്യക്തത
ദുബൈ: യു.എ.ഇയിൽ ഇന്ത്യ-പാകിസ്താൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തിയോ എന്ന കാര്യത്തിൽ അവ്യക്തത. ഇന്ത്യ-പാക് ചർച്ചക്ക് യു.എ.ഇ മധ്യസ്ഥത വഹിക്കുമെന്ന് യു.എസിലെ യു.എ.ഇ അംബാസഡർ യൂസുഫ് അൽ ഖതൈബ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ അബൂദബിയിൽ എത്തിയത്. ഇരുവരും ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമുണ്ടായിട്ടില്ല. അതേസമയം, ചർച്ച നടന്നിരിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇരുമന്ത്രിമാരും യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാനുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യ-പാക് ചർച്ചക്ക് യു.എ.ഇ മധ്യസ്ഥം വഹിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്ത്യ ഇക്കാര്യത്തിൽ മൗനം പാലിച്ചു. സാമ്പത്തിക സഹകരണം, സാമൂഹിക ക്ഷേമം എന്നീ വിഷയങ്ങളിൽ ചർച്ച നടത്താനാണ് മന്ത്രി എത്തിയതെന്നാണ് വിദേശകാര്യ വക്താവിെൻറ വെളിപ്പെടുത്തൽ. ഷാ മഹ്മൂദ് ഖുറേഷി തിങ്കളാഴ്ച മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

