ലങ്ക കടക്കാൻ ഇന്ത്യ
text_fieldsദുബൈയിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ ടീം
ദുബൈ: ഇന്ത്യ-പാകിസ്താൻ മത്സരം കാണാൻ കഴിയാത്തതിൽ നിരാശയിൽ കഴിയുന്ന ആരാധകർക്ക് ഇന്ത്യയുടെ കളി കാണാനുള്ള അവസരമാകും ചൊവ്വാഴ്ച നടക്കുന്ന ശ്രീലങ്കക്കെതിരായ മത്സരം. ശ്രീലങ്ക പഴയ പ്രതാപത്തിലല്ലെങ്കിലും എപ്പോഴും മാറിമറിയാവുന്ന ട്വന്‍റി20യിൽ ഇന്ത്യക്കൊത്ത എതിരാളിയാകുമെന്നാണ് കണക്കുകൂട്ടൽ. വൈകീട്ട് ആറ് മുതൽ ദുബൈ സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യ-പാക് കളികളുടെ ഗാലറി ടിക്കറ്റ് മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞിരുന്നു. 2500 ദിർഹം മുതലുള്ള കൂടിയ ടിക്കറ്റുകളാണ് അവസാനം കിട്ടിയിരുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്രവലിയ തുക നൽകി കളികാണാൻ പോകാൻ കഴിയില്ല. ഫൈനലിന്‍റെ ടിക്കറ്റുകളും ഏറക്കുറെ അവസാനഘട്ടത്തിലാണ്. അവിടെയും പ്രതീക്ഷിക്കുന്നത് ഇന്ത്യ-പാക് പോരാട്ടമാണ്. 550 ദിർഹമിന്‍റെ ടിക്കറ്റ് നിലവിൽ ലഭ്യമാണ്. എന്നാൽ, ഇതുകഴിഞ്ഞാൽ 2500 ദിർഹമിന്‍റെ ടിക്കറ്റ് മാത്രമാണുള്ളത്.
എന്നാൽ, ഇന്ന് നടക്കുന്ന ഇന്ത്യ-ലങ്ക മത്സരം 150 ദിർഹം നൽകിയാൽ കാണാൻ കഴിയും. അടുത്ത ഇന്ത്യ-അഫ്ഗാൻ മത്സരത്തിനും ഇതേ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. നിരക്ക് കുറവായതിനാൽ ഇന്നത്തെ മത്സരത്തിന് നിരവധി ഇന്ത്യ-ലങ്ക ആരാധകർ എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, പാകിസ്താൻ -അഫ്ഗാൻ മത്സരത്തിന് 75 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ടൂർണമെന്‍റിന്‍റെ സംഘാടകരായതിനാൽ ശ്രീലങ്ക പരമാവധി മികച്ച കളി പുറത്തെടുക്കാൻ ശ്രമിക്കുമെന്നുറപ്പ്. കഴിഞ്ഞ കളിയിൽ അഫ്ഗാനിസ്താനെതിരെ മികച്ച സ്കോർ ചേസ് ചെയ്ത് ജയിച്ചതിന്‍റെ ആത്മവിശ്വാസം അവർക്കുണ്ട്. ആദ്യമത്സരത്തിൽ തങ്ങളെ ഒന്നുമല്ലാതാക്കിയ അഫ്ഗാനെയാണ് അവർ കഴിഞ്ഞ മത്സരത്തിൽ തോൽപിച്ചത്.
ടോസിലെ കളി:
ഏഷ്യാകപ്പിൽ ടോസ് നിർണായകമാണെന്ന് ഓരോ മത്സരവും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയും പാകിസ്താനും ദുർബലരായ ഹോങ്കോങ്ങിനെ തോൽപിച്ച രണ്ട് മത്സരങ്ങളൊഴിച്ചാൽ ബാക്കി എല്ലാ കളികളും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഈ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ ഹോങ്കോങ് സ്വന്തം കുഴികുത്തി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വലിയ സ്കോറുകൾ പോലും രണ്ടാമത് പിന്തുടർന്ന് ജയിക്കാമെന്ന അവസ്ഥയിലാണ് ദുബൈയിലെ പിച്ച്. അഫ്ഗാനിസ്താനെതിരെ ലങ്ക 175 റൺസ് പിന്തുടർന്ന് ജയിച്ചപ്പോൾ ഇന്ത്യക്കെതിരെ പാകിസ്താൻ 181 റൺസ് മറികടന്നു. ഷാർജയിൽ ബംഗ്ലാദേശിന്‍റെ 183 റൺസിന് പുല്ലുവില കൽപിച്ച് ശ്രീലങ്ക രണ്ടാമത് ബാറ്റ് ചെയ്ത് 184 റൺസെടുത്തു. ചൊവ്വാഴ്ചത്തെ മത്സരത്തിലും ടോസ് നിർണായകമായേക്കും. ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കിൽ 180 റൺസിന് മുകളിലില്ലെങ്കിൽ ശ്രീലങ്കയെ പേടിക്കേണ്ടിവരും. കഴിഞ്ഞ മത്സരത്തിലേതുപോലെ തുടക്കംമുതൽ അടിച്ചുതകർക്കാനായിരിക്കും ഇന്ത്യ ഇന്നും ശ്രമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

