കരുത്താർജിച്ച് ഇന്ത്യ-ഷാർജ ബന്ധം
text_fieldsഡൽഹിയിലെത്തിയ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് സംഘത്തിന് നൽകിയ സ്വീകരണം
ദുബൈ: ഇന്ത്യയും ഷാർജയും തമ്മിലെ ഐക്യവും സ്നേഹവും വ്യാപാര ഇടപാടും കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിലെത്തിയ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് സംഘത്തിന്റെ പര്യടനം പൂർത്തിയായി. ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒരാഴ്ച നീണ്ടുനിന്ന പര്യടനം നടത്തിയത്. മുംബൈയിലും ഡൽഹിയിലുമെത്തിയ സംഘം ഇന്ത്യയിലെ വിവിധ ബിസിനസ് കൂട്ടായ്മകളുമായും സർക്കാർ അധികൃതരുമായും കൂടിക്കാഴ്ച നടത്തി. ഇരുകൂട്ടർക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള പദ്ധതികൾക്ക് രൂപം നൽകാനും സംഘത്തിന് കഴിഞ്ഞു.
മലയാളികൾക്ക് സ്വന്തം നാട് പോലെയാണ് ഷാർജ. ചെറിയ വരുമാനത്തിലുള്ള മലയാളികൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന നാട് കൂടിയാണിത്. അതുകൊണ്ട് തന്നെ, ഷാർജ ഭരണാധികാരികൾക്കും മലയാളികളും ഇന്ത്യക്കാരും അന്യരല്ല. ഈ ഐക്യത്തിന് കരുത്ത് പകരുന്നതായിരുന്നു ചേംബറിന്റെ ഇന്ത്യ സന്ദർശനം. ഇന്ത്യക്കാർക്ക് ഷാർജയിൽ നിക്ഷേപം നടത്താവുന്ന സാധ്യതകൾ ചൂണ്ടിക്കാണിച്ച സംഘം ഇമാറാത്തികളുടെ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും ആരാഞ്ഞു. ഡൽഹിയിൽ നടന്ന യു.എ.ഇ-ഇന്ത്യ ബിസിനസ് ഫോറത്തിലെ പ്രധാന ചർച്ചയും ഇതായിരുന്നു. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) യാഥാർഥ്യമായ പശ്ചാത്തലത്തിൽ നിക്ഷേപ സാധ്യതകൾ വർധിച്ചതായി യോഗം വിലയിരുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് 10 ശതമാനം വർധനനാണ് ഇക്കാര്യത്തിലുണ്ടായത്.
യു.എ.ഇയിലേക്ക് ഇന്ത്യയുടെ കയറ്റുമതി 26 ശതമാനം വർധിച്ചു. പുനർ കയറ്റുമതിയിൽ 10 ശതമാനം വർധനവുണ്ടായി. 17,500 ഇന്ത്യൻ സ്ഥാപനങ്ങളാണ് ഷാർജയിൽ പ്രവർത്തിക്കുന്നത്. 2022ൽ ഇന്തയയിലേക്ക് ഷാർജയിൽ നിന്ന് മാത്രം 280 കോടി ദിർഹമിന്റെ കയറ്റുമതി നടന്നു. 700 ദശലക്ഷം ദിർഹമിന്റെ പുനർ കയറ്റുമതിയും 250 കോടി ദിർഹമിന്റെ ഇറക്കുമതിയും നടന്നു. ഷാർജ കേന്ദ്രീകരിച്ച് ന്യൂ ഇന്ത്യൻ പ്രൊഫഷനൽ ബിസിനസ് കൗൺസിലിന് രൂപം നൽകാനും കഴിഞ്ഞു. ഇത് വ്യാപാര, നിക്ഷേപ ഇടപാടുകൾക്ക് കരുത്ത് പകരുമെന്ന് യോഗം വിലയിരുത്തി. 2030ഓടെ ഇടപാടുകൾ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. 19 വ്യാവസായിക മേഖല, അഞ്ച് ഫ്രീ സോൺ, 3000 മാനുഫാക്ചറിങ് യൂനിറ്റ് തുടങ്ങിയവയെല്ലാം ഷാർജയിലേക്ക് ഇന്ത്യൻ സ്ഥാപനങ്ങളെ ആകർഷിക്കുന്ന ഘടകമാണ്.
ഫൈഡറേഷൻ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) നേതാക്കളുമായും ഷാർജ ചേംബർ സംഘം ചർച്ച നടത്തി. ഇന്ത്യയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ചെറുകിടക്കാരുടെ ചേംബറുമായും കൂടിക്കാഴ്ച നടന്നു. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് സെക്കൻഡ് വൈസ് ചെയർമാൻ വലീദ് അബ്ദുൽ റഹ്മാൻ ബുകാതിർ, ബോർഡ് അംഗം അഹ്മദ് മുഹമ്മദ് ഉബൈദ് അൽ നബൂദ, ഇന്ത്യയിലെ യു.എ.ഇ എംബസി പ്രതിനിധി മാജിദ് അൽ നുഖൂലി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

