ഇന്ത്യ-പാക് പോരാട്ടം ഇന്ന്: സ്റ്റേഡിയത്തിൽ ആവേശം അലതല്ലും
text_fieldsപാകിസ്താനെതിരായ മത്സരത്തിന് മുന്നോടിയായി ദുബൈ സ്റ്റേഡിയത്തിൽ പരിശീലനത്തിന് തയാറെടുക്കുന്ന ഇന്ത്യൻ താരങ്ങൾ
ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും ത്രില്ലിങ്ങായ പോരാട്ടങ്ങളിൽ ഒന്നായ ഇന്ത്യ-പാക് മത്സരത്തിന് ഇന്ന് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകുമ്പോൾ ആവേശത്തിമിർപ്പിലാണ് പ്രവാസികളായ ക്രിക്കറ്റ് ആരാധകർ.
ടെലിവിഷനിൽ മാത്രം കണ്ട് സായൂജ്യമടഞ്ഞിരുന്ന ഇന്ത്യൻ താരങ്ങളുടെ പ്രകടനം നേരിൽ കാണാനുള്ള അസുലഭ മുഹൂർത്തത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ച ആത്മവിശ്വാസത്തോടെ ഇന്ത്യ ഇറങ്ങുമ്പോൾ സ്വന്തം തട്ടകത്തിൽ ന്യൂസിലാൻഡിനോട് തോറ്റ ക്ഷീണത്തിലാണ് പാക് ടീം കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ മികച്ച ഫോം പുറത്തെടുത്ത താരങ്ങളുടെ പ്രകടനത്തിൽ ഇന്ത്യക്ക് പാകിസ്താനെ തൂത്തെറിയാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാൽ, ഇത്തവണ പാകിസ്താനിൽ കളിക്കാൻ തയാറാവാത്ത ഇന്ത്യയെ എന്ത് വിലകൊടുത്തും തോൽപിക്കാനാണ് പാക് ടീമിന്റെ തീരുമാനം. ദുബൈയിൽ ഇന്ത്യയെ തോൽപിക്കുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് പാകിസ്താൻ പേസറായ ഹാരിസ് റഊഫ്. അതേസമയം, കനത്ത സുരക്ഷാ സന്നാഹങ്ങളാണ് മാച്ചിനായി ദുബൈ അധികൃതർ ഒരുക്കിയിരിക്കുന്നത്. മത്സരത്തിനായുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റുപോയിക്കഴിഞ്ഞു. യു.എ.ഇ സമയം ഉച്ചക്ക് ഒരു മണിക്കാണ് മത്സരം. എങ്കിലും കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ സ്റ്റേഡിയവും പരിസരവും കാണികളെ കൊണ്ട് നിറയും. വലിയ വാഹനത്തിരക്ക് അനുഭവപ്പെടുമെന്നതിനാൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി ഗതാഗത നിയന്ത്രണത്തിന് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച അവധി ദിനമായതിനാൽ കുടുംബ സമേതം കളി കാണാനുള്ള തയാറെടുപ്പിലാണ് മലയാളി ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

