ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി: പിന്തുണ ആവർത്തിച്ച് ഇന്ത്യ-യു.എ.ഇ
text_fieldsഅബൂദബി: ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കാൻ തങ്ങൾ പ്രതിഞ്ജാബദ്ധമാണെന്ന് ആവർത്തിച്ച് ഇന്ത്യയും യു.എ.ഇയും. അബൂദബിയിൽ നടന്ന ഇന്ത്യ-യു.എ.ഇ സംയുക്തയോഗത്തിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ നടക്കുന്ന എ.ഐ. ഇംപാക്ട് ഉച്ചകോടിക്ക് യു.എ.ഇ പിന്തുണ അറിയിച്ചു. പശ്ചിമേഷ്യൻ സമാധാനവും യോഗത്തിൽ ചർച്ചയായി.
വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്യാൻ എന്നിവരുടെ അധ്യക്ഷതയിൽ അബൂദബിയിലാണ് ഇന്ത്യ-യു.എ.ഇ ജോയിന്റ് കമീഷൻ യോഗം നടന്നത്.
വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണത്തിന്റെ പുരോഗതി യോഗം വിലയിരുത്തി. പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാക്കുന്നത് സംബന്ധിച്ചും യോഗത്തിൽ സജീവചർച്ച നടന്നതായി അബൂദബിയിലെ ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. ഈ ചർച്ചയിലാണ് ഇന്ത്യ-മീഡിലീസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കുന്നതിൽ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധത ആവർത്തിച്ചത്. ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കുന്ന എ.ഐ. പ്രത്യാഘാത ഉച്ചകോടിക്ക് പിന്തുണ അറിയിച്ച യു.എ.ഇ, ബ്രിക്സ് അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യ നടത്തുന്ന ശ്രമങ്ങളെയും പിന്തുണക്കുമെന്ന് വ്യക്തമാക്കി. അടുത്ത മന്ത്രിതല സംയുക്തയോഗം ഇന്ത്യയിൽ നടത്താനും യോഗം തീരുമാനിച്ചു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അബൂദബിയിലെത്തിയ വിദേശകാര്യമന്ത്രി യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻസായിദ് ആൽ നഹ്യാൻ, സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, മുബാദല സി.ഇ.ഒ ഖൽദൂൻ മുബാറക് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അബൂദബിയിൽ നടക്കുന്ന സർ ബനിയാസ് ഫോറത്തിലും മന്ത്രി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

