ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ് ഇടനാഴി: ഇന്ത്യൻ സംഘം അബൂദബിയിൽ
text_fieldsഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ് ഇടനാഴിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അബൂദബിയിലെത്തിയ ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം
അബൂദബി: ജി 20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ് സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നതിന്റെ തുടർച്ചയായി ഉന്നതതല ഇന്ത്യൻ സംഘം അബൂദബിയിലെത്തി. കേന്ദ്ര തുറമുഖ മന്ത്രാലയം സെക്രട്ടറി ടി.കെ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബൂദബിയിലെത്തിയത്. അബൂദബി പോർട്ട് സി.ഇ.ഒ മുഹമ്മദ് ജുമാ അൽശമീസിയുമായി സംഘം കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റി ചെയർമാൻ ഉൻമേഷ് വാഗ് തുടങ്ങിയവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ചർച്ചകൾക്കു മുമ്പായി ടെർമിനൽ ഓപറേറ്റർമാർ, ഷിപ്പിങ് ലൈൻസ് ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നു. പദ്ധതിയുടെ ഡിജിറ്റൽ പ്രസന്റേഷനും പ്രദർശിപ്പിച്ചിരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഇന്ത്യ സന്ദർശന വേളയിൽ ആരംഭിച്ച മാസ്റ്റർ ആപ്ലിക്കേഷൻ ഫോർ ഇന്റർനാഷനൽ ട്രേഡ് ആൻഡ് റെഗുലേറ്ററി ഇന്റർഫേസിനെ (മൈത്രി) സംബന്ധിച്ചും ചർച്ചകൾ നടന്നു.
നാഷനൽ ലോജിസ്റ്റിക്സ് പോർട്ടലായ മറൈൻ (എൻ.എൽ.പി-എം), ഇന്ത്യൻ കസ്റ്റംസ് ഇലക്ട്രോണിക് ഗേറ്റ്വേ (ഐ.സി.ഇ.ജി.എ.ടി.ഇ), യൂനിഫൈഡ് ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോം (യു.എൽ.ഐ.പി) എന്നിവയുൾപ്പെടെ നിലവിലുള്ള വ്യാപാര പോർട്ടലുകളെ സംയോജിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് മൈത്രി. ഇതുവഴി പേപ്പർ രഹിതവും തടസ്സരഹിതവുമായ ബന്ധം സ്ഥാപിക്കാൻ കഴിയും. വെർച്വൽ ട്രേഡ് ഇടനാഴിയെയും മൈത്രി പിന്തുണക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

