ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യ അതിഥിരാജ്യം
text_fieldsദുബൈ: തിങ്കളാഴ്ച മുതൽ ദുബൈയിൽ ആരംഭിക്കുന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ ഇന്ത്യ അതിഥി രാജ്യം. ഇന്ത്യയെ കൂടാതെ ഖത്തർ, തുർക്കിയ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളാണ്. ‘ഭാവി ഗവൺമെൻറുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ 25ലധികം സർക്കാർ, ഭരണത്തലവന്മാർ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽനിന്ന് പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കും. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവരും പങ്കെടുക്കും. അതിഥിരാജ്യങ്ങൾ തങ്ങളുടെ വിജയകരമായ സർക്കാർ സംവിധാനങ്ങളും അനുഭവങ്ങളും ഉച്ചകോടിയിൽ പങ്കുവെക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ചിന്തകർ, വിദഗ്ധർ, അന്താരാഷ്ട്ര-പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികൾ എന്നിവരും 120 സർക്കാർ പ്രതിനിധികളും അടക്കം 4000 പേരാണ് ഉച്ചകോടിയിൽ സംബന്ധിക്കുക. ഇന്ത്യ, ഖത്തർ, തുർക്കിയ എന്നിവയുമായി ആഴത്തിൽ വേരുറച്ച യു.എ.ഇയുടെ ബന്ധത്തെയാണ് വേൾഡ് ഗവൺമെന്റ് സമ്മിറ്റിലെ അതിഥി രാജ്യങ്ങളായതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രിസഭകാര്യ മന്ത്രിയും സമ്മിറ്റിന്റെ ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു. ഈ വർഷത്തെ സമ്മിറ്റ് ആറ് തീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിവിധ മേഖലകളിലെ ഭാവിതന്ത്രങ്ങളും പ്രധാന മാറ്റങ്ങളും ചർച്ചയാകുന്ന 15 ആഗോള ഫോറങ്ങൾ ഉച്ചകോടിയിൽ അരങ്ങേറും. പ്രസിഡൻറുമാരും മന്ത്രിമാരും നേതാക്കളും ഉൾപ്പെടെ 200ലധികം പ്രമുഖ പ്രഭാഷകർ, 300ലധികം മന്ത്രിമാർ പങ്കെടുക്കുന്ന എക്സിക്യൂട്ടിവ് സെഷനുകൾ എന്നിവയും ഇത്തവണത്തെ ഉച്ചകോടിയുടെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

