ഇന്ത്യ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും
text_fieldsഅൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നൃത്ത പരിപാടി
അൽഐൻ: അൽഐനിലെ ഇന്ത്യൻ പ്രവാസികളുടെ ഉത്സവമായി മാറിയ ഇന്ത്യ ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും. മൂന്ന് ദിവസമായി അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ തുടരുന്ന കലാപരിപാടികളും വിപണന മേളയും കാണാൻ നിരവധിപേരാണ് എത്തിയത്.
അൽഐനിലെ വനിത കൂട്ടായ്മയായ താരാട്ടും മലയാള സമാജത്തിന്റെയും അൽഐൻ കെ.എം.സി.സിയുടെയും ഇന്ത്യൻ സോഷ്യൽ സെന്ററിന്റെയും പ്രവർത്തകർ ഒരുക്കിയ വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകളിലൂടെ ഇന്ത്യൻ രുചിവൈവിധ്യം സന്ദർശകർക്ക് പരിചയപ്പെടുത്തി.
പിന്നണി ഗായകൻ നിസാർ വയനാടും സംഘവും അവതരിപ്പിച്ച ഗാനമേളയും തനൂര ഡാൻസ്, മറ്റ് വ്യത്യസ്ത ഇന്ത്യൻ നൃത്തനൃത്യങ്ങളും അരങ്ങേറി. ഇന്ത്യൻ വൈവിധ്യങ്ങളുടെ ഒത്തു ചേരലുകളായിരുന്നു ഫെസ്റ്റിവൽ വേദി. സമാപന ദിവസം നിസാർ വയനാട് നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ, ഗാനമേള, റേഡിയോ ആർ.ജെ സ്വാതി അവതരിപ്പിക്കുന്ന പരിപാടികൾ സാക്സോഫോൺ, ഗിത്താർ, ഇന്ത്യൻ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധയിനം നൃത്തനൃത്യങ്ങൾ എന്നീ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഐ.എസ്.സി പ്രസിഡന്റ് ടി.വി.എൻ കുട്ടി(ജിമ്മി), ജനറൽ സെക്രട്ടറി പി.പി മണികണ്ഠൻ, ട്രഷറർ സാദിഖ് ഇബ്രാഹിം എന്നിവർ അറിയിച്ചു. പ്രവേശന കൂപ്പണുകളുടെ നറുക്കടുപ്പ് ഞായറാഴ്ച നടക്കും. തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് ഒന്നാം സമ്മാനമായ കാർ സമ്മാനിക്കും. കൂടാതെ 25 ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

