രൂപ നൽകി യു.എ.ഇയുടെ എണ്ണ വാങ്ങി ഇന്ത്യ
text_fieldsദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിൽ ഒപ്പുവെച്ച കരാർപ്രകാരമുള്ള പ്രാദേശിക കറൻസിയിലെ എണ്ണ ഇടപാട് ആരംഭിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിൽ പ്രാദേശിക കറൻസിയിൽ എണ്ണ ഇടപാട് നടത്തുന്നത് ആദ്യമായാണ്. പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് രൂപ നൽകി ഇന്ത്യ യു.എ.ഇയിൽനിന്ന് വാങ്ങിയത്. യു.എ.ഇ എണ്ണക്കമ്പനിയായ അഡ്നോക്കിൽ നിന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കൈപ്പറ്റിയത്.
കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിൽ എത്തിയപ്പോഴാണ് ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇന്ത്യൻ രൂപയും യു.എ.ഇ ദിർഹവും ഉപയോഗിക്കാനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചത്. വിദേശരാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടിൽ ഡോളറിനെ ആശ്രയിക്കുന്നത് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും കരാറിലേർപ്പെട്ടത്. ഇടപാടുകളുടെ ചെലവും സമയവും കുറക്കുമെന്നതിനൊപ്പം രൂപയുടെ സ്ഥിരത കൂട്ടുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ഇന്ന് രൂപയുടെ മൂല്യം വീണ്ടും തകർച്ചയാണ് രേഖപ്പെടുത്തിയത്.
ഇടപാടുകൾക്ക് രൂപയും ദിർഹമും ഉപയോഗപ്പെടുത്തുന്നത് പണമിടപാടുകളുടെ ചെലവും സമയവും കുറക്കുന്നതും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതുമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിൽ അല്ലാതെ വ്യാപാരം നടത്തുന്നതിന് ലോകത്തെ വിവിധ രാജ്യങ്ങൾ ആരംഭിച്ച ശ്രമങ്ങളുടെ ഭാഗമായാണ് കരാർ രൂപപ്പെട്ടത്. ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകുന്ന നാലാമത്തെ ഏറ്റവും വലിയ രാജ്യമാണ് യു.എ.ഇ. അതോടൊപ്പം, എൽ.പി.ജി, എൽ.എൻ.ജി എന്നിവ നൽകുന്ന രണ്ടാമത്തെ ഏറ്റവും വലിയ രാജ്യവുമാണ്. ഈ സാഹചര്യത്തിൽ പുതിയ രീതിയിലെ ഇടപാട് ഇന്ത്യക്ക് വലിയ രീതിയിൽ സഹായകമാകുന്നതാണ്. കരാർ ഒപ്പുവെച്ച ദിവസം തന്നെ രൂപയിലെ ആദ്യ വ്യാപാരവും നടന്നിരുന്നു. 25കി.ഗ്രാം സ്വർണം വാങ്ങുന്നതിന് മുംബൈയിലെ യെസ് ബാങ്കാണ് 12.84 കോടി രൂപയുടെ ധാരണയായത്. എന്നാൽ, ആദ്യമായാണ് എണ്ണ വാങ്ങുന്നതിന് ഈ സംവിധാനം ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

