സ്വതന്ത്ര വൈദ്യുതി, ജല ഉൽപാദന മാതൃക:10 വർഷത്തിനിടെ ദീവ നേടിയത് 43.6 ശതകോടിയുടെ നിക്ഷേപം
text_fieldsഐ.പി.ഡബ്ല്യൂ.പി മാതൃകയിൽ ദീവ നിർമിക്കുന്ന ജല, വൈദ്യുതി ഉൽപാദന കേന്ദ്രം
ദുബൈ: 10 വർഷത്തിനിടെ പൊതു, സ്വകാര്യ പങ്കാളിത്തത്തിലൂടെയും അന്താരാഷ്ട്ര നിക്ഷേപകർ, നിർമാതാക്കൾ എന്നിവരുമായി കൈകോർത്തും ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) ആകർഷിച്ചത് 43.6 ശതകോടി ദിർഹം മൂല്യമുള്ള നിക്ഷേപം. എമിറേറ്റിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്വതന്ത്ര വൈദ്യുതി, ജല ഉൽപാദന മാതൃകയിലൂടെയാണ് (ഐ.പി.ഡബ്ല്യൂ.പി) ശതകോടികളുടെ നിക്ഷേപം ആകർഷിക്കാനായതെന്ന് ദീവ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
എമിറേറ്റിൽ വൈദ്യുതി, ജല ഉൽപാദനത്തിനായി ദീവ അവതരിപ്പിച്ച ആദ്യ മാതൃക പദ്ധതിയാണ് ഐ.പി.ഡബ്ല്യൂ.പി. സൗരോർജ പദ്ധതികളിലൂടെ ലോകത്തു തന്നെ ഏറ്റവും കുറഞ്ഞ തീരുവയുള്ള ഊർജം (എൽ.സി.ഒ.ഇ) ഉൽപാദിപ്പിക്കാൻ ദീവക്ക് പദ്ധതിയിലൂടെ കഴിഞ്ഞതായി ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ഹരിത സാമ്പത്തിക വ്യവസ്ഥയുടെ ആഗോള കേന്ദ്രമായി ദുബൈയെ മാറ്റുകയെന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്കും നിർദേശങ്ങൾക്കും അനുസൃതമായാണ് ദീവയുടെ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദുബൈയുടെ ആവശ്യങ്ങൾക്കും നിയമപരവും സാങ്കേതികവുമായ അന്തരീക്ഷത്തിനും ചേർന്നു നിൽക്കുന്ന രീതിയിലാണ് ഐ.പി.ഡബ്ല്യൂ.പി രൂപകൽപന ചെയ്തിരിക്കുന്നത്. ദുബൈയിലെ റഗുലേറ്ററി, ലജിസ്ലേറ്റിവ് ചട്ടക്കൂടുകൾ, ഊർജ ഉൽപാദന പദ്ധതികളിൽ സ്വകാര്യ മേഖലയെ പങ്കാളികളാക്കാൻ അനുമതി നൽകുന്നുണ്ട്.
അതോടൊപ്പം ദീവയുടെ സ്വതന്ത്ര ഊർജ ഉൽപാദനം (ഐ.പി.പി) ഉപയോഗിച്ച് നടപ്പിലാക്കുന്ന മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കിന്റെ പദ്ധതികളിൽ പങ്കെടുക്കാൻ അന്താരാഷ്ട്ര നിക്ഷേപകരെയും ഡവലപ്പർമാരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എമിറേറ്റിലെ മുഴുവൻ വൈദ്യുതിയും ശുദ്ധ ഊർജ സ്രോതസ്സുകളിൽ നിന്ന് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ദുബൈ നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050നോട് ചേർന്നു നിൽക്കുന്ന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

