വിമാനനിരക്കിൽ വൻ വർധന; വലഞ്ഞ് പ്രവാസികൾ
text_fieldsഷാർജ: യു.എ.ഇയിലെ ശൈത്യകാല അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ വിമാനനിരക്ക് കുത്തനെ വർധിപ്പിച്ച് വിമാനക്കമ്പനികൾ. ശൈത്യകാല അവധിയും ക്രിസ്മസും ആഘോഷിക്കാൻ നാട്ടിലേക്ക് പോയ പ്രവാസികൾ തിരികെയെത്താൻ വൻ തുക ടിക്കറ്റിന് മുടക്കേണ്ട അവസ്ഥയാണ്.
കേരളത്തിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാനയാത്ര നിരക്കിൽ വൻ വർധനവാണുള്ളത്. ടിക്കറ്റ് നിരക്ക് തിരക്ക് കുറഞ്ഞ സമങ്ങളിലേതിനെക്കാൾ നാലും അഞ്ചും ഇരട്ടിയായി വർധിപ്പിച്ചിരിക്കുകയാണ് പല വിമാന കമ്പനികളും.
വിദ്യാർഥികൾക്ക് ഒരു മാസത്തോളം വരുന്ന ശൈത്യകാല അവധിക്കുശേഷം ജനുവരി അഞ്ചിനാണ് വിദ്യാലയങ്ങൾ തുറന്നുപ്രവർത്തനം ആരംഭിക്കുക. ഡിസംബർ ആദ്യ വാരങ്ങളിൽ യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രനിരക്ക് താരതമ്യേന കുറവായതിനാൽ തിരികെ വരാനുള്ള ടിക്കറ്റുകളും കുറഞ്ഞ നിരക്കിൽ ലഭിക്കും എന്ന പ്രതീക്ഷയിലാണ് പലരും യാത്ര തിരിച്ചത്. കഴിഞ്ഞവർഷങ്ങളിൽ ശൈത്യകാല അവധിക്ക് ശേഷം യാത്രക്കാർ കുറവായതിനാൽ ഡിസംബർ അവസാനം പലർക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചിരുന്നെന്ന് ദുബൈയിലെയും അൽഐനിലെയും സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകർ പറയുന്നു.
ജനുവരി ആദ്യത്തിൽ കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാനനിരക്ക് വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത് 1200 ദിർഹം മുതൽ 4500 ദിർഹം വരെയാണ്. കണ്ണൂരിൽ നിന്ന് 1250 മുതൽ 1650 ദിർഹം വരെയും കോഴിക്കോട് നിന്ന് 1200 മുതൽ 4500 ദിർഹവും കൊച്ചിയിൽ നിന്ന് 1200 മുതൽ 3250 ദിർഹവും തിരുവനന്തപുരത്തുനിന്ന് 1300 മുതൽ 3300 ദിർഹവുമാണ് ഇപ്പോൾ വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്.
തിരക്കുള്ള സമയങ്ങളിൽ നേരിട്ടുള്ള യാത്രക്ക് ഉയർന്ന നിരക്ക് നൽകേണ്ടതിനാൽ ഒമാനിലേക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് എടുത്ത് അവിടെ നിന്ന് റോഡ് മാർഗം യു.എ.ഇയിലേക്ക് എത്തിച്ചേരുന്ന ചിലരുണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് 500 ദിർഹമിന് മസ്കത്തിലേക്ക് ടിക്കറ്റ് ലഭിച്ചിരുന്നത് ഇപ്പോൾ ഏറ്റവും കുറഞ്ഞത് 900 ദിർഹം നൽകണം.
മസ്കത്തിൽനിന്നും യു.എ.ഇയിലേക്ക് എത്താനുള്ള ചെലവും കൂട്ടിയാൽ നേരിട്ട് ടിക്കറ്റ് എടുക്കാനുള്ള തുക വരും.
കുറഞ്ഞ വരുമാനക്കാരായ സ്കൂൾ ജീവനക്കാരും കുടുംബങ്ങളുമാണ് ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം ഏറെ പ്രയാസപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

