ദുബൈയിലെ പാർക്കുകളിൽ വീണ്ടും കളിയാരവമുയരുന്നു
text_fieldsദുബൈ: നീണ്ട ഇടവേളക്ക് ശേഷം ദുബൈ പാർക്കുകളിലെ കളിക്കളങ്ങൾ പൂർണമായി തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ താഴിട്ട കളിക്കളങ്ങളാണ് ദുബൈ നഗരസഭ ശനിയാഴ്ച മുതൽ തുറന്നുകൊടുത്തത്. ഇതോടെ ഇനി ദുബൈയിലെ പാർക്കുകളിലെ പ്രഭാതവും സായാഹ്നവും കായികപ്രേമികളാൽ നിറയും.
ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ ദുബൈയിലെ പാർക്കുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറന്നുകൊടുത്തെങ്കിലും മുതിർന്നവർക്കുള്ള സൗകര്യങ്ങൾ പൂർണമായും പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇതോടെ പാർക്കുകളിലെ ചെറിയ പുൽമേടുകളിലായിരുന്നു മുതിർന്നവരുടെ വ്യായാമവും കായികപ്രകടനങ്ങളുമെല്ലാം നടന്നിരുന്നത്.
പിഴ ചുമത്തുമോ എന്ന ആശങ്കയോടെ ഇനി കളിക്കേണ്ടി വരില്ലെന്ന് ദുബൈ സിലിക്കൺ ഒയാസിസ് പാർക്കിൽ സ്ഥിരമായെത്തുന്ന പ്രവാസിക്കൂട്ടം പ്രതികരിച്ചു. ദുബൈ ഫിറ്റ്നസ് ചലഞ്ച് ഉൾപ്പെടെയുള്ള കായികപരിപാടികൾ കെങ്കേമമായി നടക്കുന്നതിനാൽ വലിയൊരു പങ്ക് ചെറുപ്പക്കാരും സ്ഥിരമായി കളിസ്ഥലങ്ങളിലെത്തിയിരുന്നു. പലർക്കും വാരാന്ത്യങ്ങളിലെ കൂടിച്ചേരലുകൾ കൂടിയായിരുന്നു ഇത്തരം വിനോദങ്ങളും കായികപരിശീലനങ്ങളും. നഗരസഭ പണിത പാർക്കുകളിൽ സ്ഥിരമായി കളിക്കുന്നവർ പ്രദേശവാസികളുടെ വിശദാംശങ്ങൾ പാർക്ക് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകി അനുമതി വാങ്ങണം. പരിസരത്തുള്ള സ്വദേശികളുടെ ഉത്തരവാദിത്തത്തിലായിരിക്കും പെർമിറ്റ് നൽകുക.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കളിക്കളങ്ങളിൽ പ്രവേശനം അനുവദിക്കുന്നത്. തെർമൽ സ്കാനിങ് ഒഴിവാക്കുമെങ്കിലും സ്ഥിരമായ മാസ്ക് ധരിക്കണം. മാത്രമല്ല, വലിയ സംഘങ്ങളായി കളിക്കുന്നതും വിലക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

