തലചായ്ക്കാൻ നടുറോഡിൽ; തടവറയിൽ കിടക്കാമെന്ന് പൊലീസ്
text_fieldsദേര അൽമുറഖബാത്തിലെ സലാഹ് അൽദിൻ സ്ട്രീറ്റിൽ റോഡിന് നടുവിൽ കിടക്കുന്ന ഏഷ്യൻ യുവാവ്
ദുബൈ: വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന് നടുവിൽ തലയണയുമായി 'ഉറങ്ങാനെത്തിയ' യുവാവ് അറസ്റ്റിൽ. ദേര അൽമുറഖബാത്തിലെ സലാഹ് അൽദിൻ സ്ട്രീറ്റിലാണ് ഏഷ്യൻ യുവാവ് തലചായ്ക്കാനെത്തിയത്. സിഗ്നലുള്ള ജങ്ഷന് നടുവിൽ കിടക്കുന്ന യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇയാളുടെ അരികത്തായി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതും ഇതുമൂലമുണ്ടായ ഗതാഗതക്കുരുക്കും കാണാം. ഈ വിഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തനിക്ക് മരിക്കാൻ ഭയമില്ലെന്നും എന്നാൽ, വിദേശ രാജ്യത്ത് മരിക്കാൻ ഭയമാണെന്നും വിഡിയോയിൽ പറയുന്നുണ്ട്.
വിഡിയോ പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും ഇതിനകം ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽപെടുത്തുന്ന പെരുമാറ്റമാണ് ഇയാളിൽ നിന്നുണ്ടായതെന്ന് പൊലീസ് പറഞ്ഞു. 2021ലെ ഫെഡറൽ പീനൽ കോഡ് നമ്പർ 31ലെ ആർട്ടിക്കിൾ 399 അനുസരിച്ച് പൊതുജനങ്ങളുടെ ജീവനും ആരോഗ്യവും സുരക്ഷയും അപകടപ്പെടുത്തുന്ന പ്രവൃത്തി മനഃപൂർവം ചെയ്യുന്നവർക്ക് തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇത്തരം പ്രവൃത്തി ചെയ്യുന്നവരെ കുറിച്ച് വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

