നാലു മാസത്തിനുള്ളിൽ ദുബൈ കസ്റ്റംസ് പരാജയപ്പെടുത്തിയത് 936 മയക്കുമരുന്ന് കടത്ത് ശ്രമങ്ങൾ
text_fieldsദുബൈ: ആംഫെറ്റാമൈൻ അടങ്ങിയ കോഫി ക്രീമറിന്‍റെ 2968 പെട്ടികൾ, യാത്രക്കാർ വിഴുങ്ങി കൊണ്ടുവന്ന 935 ഗ്രാം തൂക്കമുള്ള 97 ഹെറോയ്ൻ കാപ്സ്യൂളുകൾ, ഉണക്കിയ കുരുമുളകിന്‍റെ മറവിൽ കടത്താൻ ശ്രമിച്ച 42 കിലോ മരിജുവാന- 2022ലെ ആദ്യ നാലു മാസത്തിനിടയിൽ ദുബൈ കസ്റ്റംസ് പരാജയപ്പെടുത്തി 936 മയക്കുമരുന്ന് കടത്ത് ശ്രമങ്ങളിൽ ചിലവയാണിത്. കരമാർഗവും കടൽമാർഗവും വ്യോമമാർഗവും ദുബൈ പോർട്ടുകളിലൂടെ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് ദുബൈ കസ്റ്റംസ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 558 ആയിരുന്നു. ട്രമഡോൾ ഗുളികകൾ, കാപ്റ്റജൻ, ഓപിയം, ഹെറോയ്ൻ, കഞ്ചാവ്, മരിജുവാന തുടങ്ങിയവ കടത്താനുള്ള നിരവധി ശ്രമങ്ങളാണ് ദുബൈ കസ്റ്റംസ് തടഞ്ഞത്.
2022 ജനുവരിക്കും ഏപ്രിലിനുമിടയിൽ 222 മയക്കുമരുന്ന് കടത്ത് ശ്രമങ്ങളാണ് പാസഞ്ചർ ഓപറേഷൻസ് ഡിപാർട്ട്മെന്റ് തടഞ്ഞത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 198 ആയിരുന്നു. മറ്റ് വിഭാഗങ്ങളിലേത് ഇനി പറയും വിധമാണ് (കഴിഞ്ഞ വർഷത്തെ കണക്ക് ബ്രാക്കറ്റിൽ): ഇൻലാൻഡ് കസ്റ്റംസ് സെന്റേഴ്സ് മാനേജ്മെന്റ്- 501 (32), എയർ കാർഗോ സെന്റേഴ്സ് മാനേജ്മെന്റ്- 207 (325), സീ കസ്റ്റംസ് സെന്റേ്ഴ്സ് മാനേജ്മെന്റ് -6 (3). 'മയക്കുമരുന്നിൽ നിന്നും സമൂഹത്തെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ദുബൈ കസ്റ്റംസ് നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പരിശോധനകളെല്ലാം നടത്തിയതും വിജയിച്ചതും. ദേശീയ ദൗത്യം പൂർത്തീകരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണത്' -ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറലും പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ കോർപറേഷൻ സി.ഇ.ഒയുമായ അഹമ്മദ് മെഹ്ബൂബ് മുസ്സബിഹ് പറഞ്ഞു.
യു.എ.ഇ സുപ്രീം കൗൺസിലംഗവും വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിന്റെ മാർഗനിർദേശമനുസരിച്ച് ദുബൈ കൗൺസിൽ ഫൊർ ബോർഡർ ക്രോസിങ് പോയന്റ്സ് സെക്യൂരിറ്റി ആവിഷ്കരിച്ച പരിപാടികൾക്ക് പൂർണ പിന്തുണ നൽകിയാണ് നിരോധിച്ച മയക്കുമരുന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനെ ദുബൈ കസ്റ്റംസ് തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'ലോകത്തിലെ നേതൃനിരയിലേക്ക് ദുബൈ കുതിക്കുന്ന വേളയിൽ, മയക്കുമരുന്ന് കടത്ത് തടയുന്നതിലും അതിന്‍റെ ആരോഗ്യ-സാമൂഹിക ദൂഷ്യങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിലും ദുബൈ അന്താരാഷ്ട്ര തലത്തിൽ മാതൃകയാകുകയാണ്. കസ്റ്റംസ് പരിശോധനയുടെ മികച്ച സംവിധാനങ്ങളെയും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.
സംശയാസ്പദമായ ഏത് ചരക്കുനീക്കവും നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ദുബൈ കസ്റ്റംസിനുണ്ട്. ആഗോളതലത്തിൽ തന്നെ കസ്റ്റംസ് പരിശോധനയിൽ ഒന്നാമതെത്തുന്നതിന് രൂപം കൊടുത്ത ഡിപാർട്ട്മെന്റിന്റെ 2021-2026 കർമപദ്ധതി അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്' -അദ്ദേഹം പറഞ്ഞു. സംശയാസ്പദമായ എല്ലാ ചരക്കുനീക്കവും കണ്ടെത്തി, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിന് സ്മാർട്ട് റിസ്ക് എൻജിൻ സംവിധാനമാണ് ദുബൈ കസ്റ്റംസിനെ സഹായിക്കുന്നത്.
കണ്ടയ്നറുകൾ പരിശോധിക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ദുബൈ കസ്റ്റംസിനുണ്ട്. സഞ്ചരിക്കുന്ന ട്രക്കുകളെ വരെ പരിശോധിക്കാൻ സ്മാർട്ട് റിസ്ക് എൻജിൻ സംവിധാനത്തിലൂടെ കഴിയും. മണിക്കൂറിൽ 160 ട്രക്കുകളെ പരിശോധിക്കാനാണ് സാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

