ഇമ്യൂട്ടോ 2 ശാസ്ത്ര പ്രദർശനം; ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ജേതാക്കൾ
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ സംഘടിപ്പിച്ച ‘ഇമ്യൂട്ടോ 2’ ശാസ്ത്രപ്രദർശനം വിജയികളായവർ
ഷാർജ: യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകൾക്കായി ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ, സയൻസ് വിഭാഗം ‘ഇമ്യൂട്ടോ 2’ എന്ന പേരിൽ ശാസ്ത്രപ്രദർശനം സംഘടിപ്പിച്ചു. വ്യത്യസ്ത എമിറേറ്റുകളിൽനിന്നുള്ള ഇരുപതോളം സ്കൂളിലെ നാനൂറ്റി അറുപതിൽപരം പ്രതിഭകൾ ശാസ്ത്ര പ്രദർശനത്തിൽ മാറ്റുരച്ചു.
സുസ്ഥിരതാ വികസനത്തിൽ ഹരിത നവീകരണത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ശാസ്ത്ര സാങ്കേതിക പ്രൊജക്ടുകളാണ് ശാസ്ത്രമേളയിൽ അവതരിപ്പിക്കപ്പെട്ടത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ നാല് വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ശാസ്ത്രമേളയിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഓവറോൾ ജേതാക്കളായി. ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജ ഫസ്റ്റ് റണ്ണറപ്പും അമിറ്റി പ്രൈവറ്റ് സ്കൂൾ ഷാർജ സെക്കൻഡ് റണ്ണറപ്പുമായി. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി വിതരണംചെയ്തു.
പെയ്സ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസി. ഡയറക്ടർ സഫാ അസഭ് തുടങ്ങിയവർ ആശംസകൾ നേർന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുഈസ്, സുനാജ് അബ്ദുൽ മജീദ്, ഹെഡ്മിസ്ട്രസ് അലർമേലു തുടങ്ങിയവർ നേതൃത്വം നൽകി.

