വിസ സേവനങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനവുമായി ഇമിഗ്രേഷൻ വകുപ്പ്
text_fieldsപ്രദർശനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ട് ജി.ഡി.ആർ.എഫ്.എ പുറത്തിറക്കിയ ബ്രോഷർ
ദുബൈ: വിസ സേവനങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനായി ജൂൺ 24 മുതൽ 28 വരെ ദുബൈ വാഫി മാളിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു.
‘നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്’ എന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് പ്രദർശനം. വിവിധ തരത്തിലുള്ള വിസകളെക്കുറിച്ചും അപേക്ഷ സമർപ്പിക്കേണ്ടതിനെ കുറിച്ചുമുള്ള വിവരങ്ങൾ പ്രദർശനത്തിൽ പങ്കുവെക്കും.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. ഉപഭോക്തൃ കമ്യൂണിറ്റി നെറ്റ്വർക്ക്, ഗോൾഡൻ വിസ, എൻട്രി പെർമിറ്റ് സേവനങ്ങൾ, വിഡിയോ കാൾ, ഐഡന്റിറ്റി, പൗരത്വ മേഖലയുടെ വിവരങ്ങൾ, റസിഡൻസി വിസ നടപടിക്രമങ്ങൾ, താമസ- കുടിയേറ്റ നിയമ ഉപദേശ സർവിസ് എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ ഇവിടെ പരിചയപ്പെടുത്തും.
കൂടാതെ വിവിധ മത്സരങ്ങൾ, കുട്ടികളുടെ ചിത്രരചന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച പ്രത്യേക കോണ്, മറ്റ് സംവേദക പരിപാടികൾ എന്നിവയും കാമ്പയിനിന്റെ ഭാഗമായി നടക്കും. കാർട്ടൂൺ കഥാപാത്രങ്ങളായ സലേമും സലാമയും ആളുകളെ സ്വാഗതം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

