‘മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം’ പദ്ധതിയുമായി ഇമിഗ്രേഷൻ വകുപ്പ്; കുട്ടികൾ അടുത്തറിഞ്ഞു, രക്ഷിതാക്കളുടെ ജോലി
text_fieldsദുബൈ താമസ കുടിയേറ്റ വകുപ്പ് സംഘടിപ്പിച്ചുവരുന്ന ‘മാതാപിതാക്കൾക്കൊപ്പം
ഒരു ദിവസം’ പദ്ധതിയിലെ വിവിധ പരിപാടികളിൽനിന്ന്
ദുബൈ: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദുബൈ താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) പുതിയ പദ്ധതി ആരംഭിച്ചു. ‘മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം’ എന്ന് പേരിട്ട പദ്ധതിയിലൂടെ രക്ഷിതാക്കളുടെ ജോലി സ്ഥലങ്ങളിൽ കുട്ടികൾക്ക് ഒരു ദിവസം ചെലവഴിക്കാനും ജോലിയുടെ പ്രാധാന്യവും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാനും അവസരം നൽകി.
ആറിനും 16നും ഇടയിലുള്ള 100 കുട്ടികളെയാണ് സംരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരെ വിവിധ സ്ഥലങ്ങളിലെ ഡയറക്ടറേറ്റിന്റെ കേന്ദ്രങ്ങളിൽ സന്ദർശനം നടത്താൻ അനുവദിക്കും.
ദുബൈ എയർപോർട്ട് ജി.ഡി.ആർ.എഫ്.എ സെക്ടർ, ഹത്ത ബോർഡ് ക്രോസിങ്, നിയമ ലംഘകരുടെ ഷെൽട്ടർ സെന്റർ, ജബൽ അലി പോർട്ട് എന്നീ സ്ഥലങ്ങളിലെ ഓഫിസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ഭരണവിഭാഗങ്ങളിലേക്ക് ഗൈഡഡ് ടൂറുകളും ഇതിന്റെ ഭാഗമായി നടന്നു. കുട്ടികളിൽ സന്നദ്ധപ്രവർത്തനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നൽകുന്നതിനായി ‘വളന്റിയർ ഹീറോസ്’ എന്ന ശീർഷകത്തിലുള്ള ശിൽപശാലയും സംഘടിപ്പിച്ചു.
പുതിയ തലമുറയും തൊഴിൽ അന്തരീക്ഷവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
സമൂഹത്തിൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളോടുള്ള കുട്ടികളുടെ അഭിനന്ദനം ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ, ‘ഹൃദയത്തിൽനിന്നുള്ള ഒരു സന്ദേശം’ എന്ന വാചകം അടങ്ങിയ നന്ദി കാർഡ് അവതരിപ്പിക്കുന്നതും സംരംഭത്തിൽ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

