എൻ.ആർ.ഐ സ്റ്റാറ്റസ്: കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ
text_fieldsദുബൈ: തിങ്കളാഴ്ച കേന്ദ്രമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുേമ്പാൾ പ്രവാസികളും പ്രതീക്ഷയിലാണ്. 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയാൽ എൻ.ആർ.ഐ സ്റ്റാറ്റസ് നഷ്ടമാകുമെന്ന കഴിഞ്ഞ ബജറ്റിലെ തീരുമാനം ഇക്കുറി തിരുത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ കേന്ദ്രസർക്കാറിന് കത്തെഴുതിയിട്ടുണ്ട്.
മുമ്പ് 180 ദിവസമായിരുന്ന കാലാവധിയാണ് കഴിഞ്ഞ ബജറ്റിൽ 120 ദിവസമായി ചുരുക്കിയത്. കോവിഡ് കാലത്ത് നാട്ടിൽപെട്ടുപോയ പല സംരംഭകർക്കും ഇതു തിരിച്ചടിയായിരുന്നു. എൻ.ആർ.ഐ സ്റ്റാറ്റസ് നഷ്ടപ്പെട്ടതോടെ പ്രവാസികൾക്ക് കൂടുതൽ നികുതി അടക്കേണ്ടി വന്നിരുന്നു. സർക്കാർ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വർഷത്തെ നികുതിയിൽനിന്ന് ഇവരെ ഒഴിവാക്കിയിരുന്നു. എന്നാൽ, ഏപ്രിലിന് ശേഷം ഇങ്ങനെ തങ്ങിയവർക്ക് ഇക്കുറി നികുതി അടക്കേണ്ടി വരും. ഇക്കാര്യത്തിൽ പുതിയ ബജറ്റിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തേക്ക് തിരിച്ചെത്തിയ പ്രവാസികൾക്കായി പ്രത്യേക പാക്കേജ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് ലക്ഷക്കണക്കിന് പ്രവാസികളാണ് എത്തിയത്.
ഇവർക്ക് പ്രത്യേക ധനസഹായം നൽകണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം. തിരിച്ചുവന്നവരിൽ മികച്ച കഴിവുള്ളവരെ പ്രായപരിധി നോക്കാതെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ നിയമിക്കണെമന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രത്തിന് കത്തു നൽകിയതായി പ്രവാസി ബന്ധു ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദ്ദീൻ പറഞ്ഞു.
അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ജോലി ചെയ്ത് പരിചയമുള്ള ഇവരുടെ കഴിവുകൾ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ രാജ്യത്തിന് ഗുണകരമാകുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചു.
എൻ.ആർ.ഒ അക്കൗണ്ടിലെ അധിക നികുതി പിൻവലിക്കണമെന്നതാണ് മറ്റൊരു ആവശ്യം. പ്രവാസികൾ എൻ.ആർ.ഐ അക്കൗണ്ടിൽനിന്ന് എൻ.ആർ.ഒ അക്കൗണ്ടിലേക്ക് പണം മാറ്റി നിക്ഷേപിക്കുേമ്പാൾ 33 ശതമാനം നികുതി നൽകണമെന്നാണ് നിബന്ധന.
ഇതു വിവേചനപരമാണ്. ഇന്ത്യയിൽ നിക്ഷേപമിറക്കുന്നതിന് വിദേശരാജ്യത്തെ ഇലക്ട്രിസിറ്റി, ലാൻഡ് ഫോൺ ബില്ലുകൾ നൽകണമെന്ന നിബന്ധനക്കും മാറ്റമുണ്ടാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
നേരത്തേ ബാങ്ക് സ്റ്റേറ്റ്മെൻറ് നൽകിയാൽ മതി. പ്രവാസികളിൽ ഭൂരിപക്ഷവും ബാച്ചിലർ മുറികളിലോ ഷെയർറൂമുകളിലോ കൂട്ടമായോ താമസിക്കുന്നതിനാൽ ഇലക്ട്രിസിറ്റി, ലാൻഡ് ഫോൺ ബില്ലുകൾ ലഭ്യമാകണമെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
