ഇമാൻ വായിലൂടെ ഭക്ഷണം കഴിക്കുന്നതായി ഡോക്ടർമാർ
text_fieldsഅബൂദബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീയായിരുന്ന ഇമാൻ ഭക്ഷണം വായിലൂടെ കഴിക്കാൻ തുടങ്ങിയതായി അബൂദബി ബുർജീൽ ആശുപത്രി ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദ്യമായാണ് ഇവർ വായിലൂടെ ഭക്ഷണം കഴിക്കുന്നതെന്നും അവർ പറഞ്ഞു. അൽപം സ്പൂൺ ഭക്ഷണം കൊടുത്താണ് തുടങ്ങിയത്. ഇപ്പോൾ ദിവസേന 15 സ്പൂൺ ഭക്ഷണം കഴിക്കാൻ സാധിക്കുന്നുണ്ട്. ഇത് ദിവസം രണ്ട് നേരമായി വർധിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ദിവസമായി ഇമാന് ആവശ്യമുള്ള ഭക്ഷണത്തിെൻറ പകുതി വായിലൂടെ തന്നെ കഴിക്കാൻ സാധിക്കുന്നതായി ബുർജീൽ ആശുപത്രി ചീഫ് മെഡിക്കൽ ഒാഫിസർ യാസീൻ ആൽ ഷഹാത്, ചികിത്സക്ക് നേതൃത്വം നൽകുന്ന ഡോ. നിഹാദ് ഹലാവ, ഇമാനിെൻറ സഹോദരി ഷൈമ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഇമാനിനെ കാണാൻ ഞായറാഴ്ച മാതാവ് ഇൗജിപ്തിൽനിന്ന് എത്തിയതായും മകളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിൽ അവർ ഏറെ സന്തുഷ്ടയാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഇമാൻ പുഞ്ചിരിക്കുകയും ടെലിവിഷൻ കാണുകയും സന്ദർശകരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു. സ്പീച്ച് തെറാപിസ്റ്റിെൻറയും കുടുംബത്തിെൻറയും നിരീക്ഷണത്തിൽ ഇമാനിെൻറ സംസാരവും ശബ്ദവും ക്രമേണ വ്യക്തമായി വരികയാണ്. ചില അവയവങ്ങൾ ചലിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് പക്ഷാഘാതം വന്നതിന് ശേഷം ഇമാനിന് ഒരിക്കലും അവയവം ചലിപ്പിക്കാൻ സാധിച്ചിരുന്നില്ല. കിടക്കയിൽ ദീർഘകാലം കിടന്നുണ്ടായ വലിയ മുറിവുകൾ ഭേദമായി വരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.
500 കിലോയിലധികം ഭാരമുണ്ടായിരുന്ന ഇമാനെ മുംബൈ സെയ്ഫി ആശുപത്രിയിലെ ബാരിയാട്രിക് ശസ്ത്രക്രിയക്ക് ശേഷം മേയ് നാലിനാണ് തുടർ ചികിത്സക്കായി അബൂദബി ബുർജീൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെയ്ഫി ആശുപത്രി വിടുേമ്പാൾ 176 കിലോയായിരുന്നു ഇമാനിെൻറ ഭാരം. ഇൗജിപ്തിലെ അലക്സാൻഡ്രിയ സ്വദേശിനിയായ ഇമാനെ ഫെബ്രുവരി പത്തിനാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മാർച്ച് പത്തിനായിരുന്നു ശസ്ത്രക്രിയ. ക്രെയിൻ ഉപയോഗിച്ചായിരുന്നു ഇവരെ അലക്സാൻഡ്രിയയിലെ താമസ സ്ഥലത്ത് നിന്ന് താഴെയിറക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
