ഐ.എൽ ടി20: യു.എ.ഇ ക്രിക്കറ്റിന് കരുത്തു പകരും –പൊള്ളാർഡ്, ബ്രാവോ
text_fieldsവെസ്റ്റിൻഡീസ് ക്രിക്കറ്റ് താരങ്ങളായ ഡ്വൈന്‍ ബ്രാവോയും കീറൺ പൊള്ളാർഡും ദുബൈയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നു
ദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്റർനാഷനൽ ലീഗ് ട്വന്റി20 ചാമ്പ്യൻഷിപ് യു.എ.ഇ ക്രിക്കറ്റിന് കരുത്തു പകരുമെന്ന് വെസ്റ്റിൻഡീസ് താരങ്ങളായ കീറൺ പൊള്ളാർഡും ഡ്വൈൻ ബ്രാവോയും. ജെ.ബി.എസ് ഗവൺമെന്റ് ട്രാൻസാക്ഷൻ സെന്ററിൽ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ഇരുവരും. നിരവധി യുവതാരങ്ങളുള്ള നാടാണ് യു.എ.ഇ. ഇവർക്ക് ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഈ ചാമ്പ്യൻഷിപ് ഉപകാരപ്പെടും.
മികച്ച പരിശീലകരുടെ കീഴിൽ പരിശീലനം നടത്താൻ അവർക്ക് അവസരം ലഭിക്കും. യു.എ.ഇയുടെ ഗോൾഡൻ വിസ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. ഇവിടെയുള്ള കായിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഇത് ഉപകരിക്കുമെന്നും ഇരുവരും പറഞ്ഞു. വരും ലോകകപ്പിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ വെസ്റ്റിൻഡീസ് ടീമിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കീറൺ പൊള്ളാർഡ് വ്യക്തമാക്കി. ചെന്നൈയുടെ ബൗളിങ് കോച്ച് എന്നത് കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും യുവ ബൗളർമാരെ പ്രചോദിപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നും ബ്രാവോ പറഞ്ഞു.
ജെ.ബി.എസ് ഗ്രൂപ് സി.ഇ.ഒ ഡോ. ഷാനിദ് ബിൻ മുഹമ്മദ്, അബ്ദുല്ല നൂറുദ്ദീൻ, അബ്ദുറഹിമാൻ മാത്തിരി, അസീസ് അയ്യൂർ, അജിത് ഇബ്രാഹിം, മഞ്ജീന്ദർ സിങ് എന്നിവരും പങ്കെടുത്തു. ഐ.എൽ.ടി 20 ലീഗിൽ എം.ഐ എമിറേറ്റ്സിന്റെ താരങ്ങളാണ് പൊള്ളാർഡും ബ്രാവോയും. ഐ.പി.എല്ലിലെ പ്രമുഖ ടീമായ മുംബൈ ഇന്ത്യൻസിന്റെ ടീമാണ് എം.ഐ എമിറേറ്റ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

