അനധികൃത തെരുവുകച്ചവടം: ദുബൈയിൽ 10 പേർ പിടിയിൽ
text_fieldsദുബൈ പൊലീസ് പിടികൂടിയ തെരുവുകച്ചവടക്കാർ
ദുബൈ: സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി തെരുവുകച്ചവടം നടത്തിയ പത്തുപേരെ ദുബൈ പൊലീസ് പിടികൂടി. ലൈസൻസില്ലാതെയും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഇവർ കച്ചവടം നടത്തിയിരുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു. റമദാൻ കാമ്പയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സുരക്ഷ ചട്ടങ്ങൾ ലംഘിക്കുകയും പൊതുനിരത്തിലും ഇടവഴികളിലും അനധികൃതമായി താൽക്കാലിക കച്ചവടം നടത്തുന്നതും നഗരത്തിന്റെ ഭംഗിയെ മോശമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുജന സുരക്ഷ കാത്തുസൂക്ഷിക്കാനായി ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് ദുബൈ പൊലീസ് നടത്തുന്ന നടപടികളുടെ ഭാഗമായാണ് ഇത്തരം അനധികൃത കച്ചവടക്കാർക്കെതിരെ നടപടിയെടുത്തതെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അഹ്മദ് അൽ അദീദി പറഞ്ഞു. ലേബർ ക്യാമ്പുകൾക്ക് സമീപത്തും മറ്റുമാണ് കൂടുതലായും അനധികൃത തെരുവുകച്ചവട ടെന്റുകൾ പ്രവർത്തിക്കുന്നത്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത്. ഇത്തരം ഭക്ഷ്യ ഉൽപന്നങ്ങൾ കുറഞ്ഞ വില വാഗ്ദാനം ചെയ്താണ് ഇവർ ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്നും ഇതിനെതിരെ ജനങ്ങളും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ വിഷബാധയുൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത്തരം ഭക്ഷ്യ ഉൽപന്നങ്ങൾ കാരണമാകും. അനധികൃത കച്ചവടം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പിടിയിലായവർ ഏത് രാജ്യങ്ങളിൽനിന്നുള്ളവരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

