വില്ലകളിൽ അനധികൃത താമസം; അബൂദബിയിൽ വ്യാപക പരിശോധന
text_fieldsഅബൂദബി: വില്ലകള്‍ അനധികൃതമായി വിഭജിച്ച് അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നത് കണ്ടെത്താൻ പരിശോധന ശക്തമാക്കി അബൂദബി. അബൂദബി നഗര, ഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിലാണ് എമിറേറ്റിലുടനീളം പരിശോധന വ്യാപകമാക്കിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
അതേസമയം, കുറഞ്ഞ വരുമാനക്കാരായ താമസക്കാര്‍ക്കായി താങ്ങാന്‍ കഴിയുന്ന വീടുകൾ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങൾ കൂടി തേടുന്നതായി അധികൃതര്‍ അറിയിച്ചു. അബൂദബിയിലെ ജനസംഖ്യ ഉയരുന്നത് തുടരുന്നതിനാല്‍ താങ്ങാവുന്നതും ഗുണമേന്മയുള്ളതുമായ ഭവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണ് മുഖ്യ പരിഗണനയെന്ന് നഗര, ഗതാഗത വകുപ്പ് ഉപദേഷ്ടാവ് മുഹമ്മദ് അല്‍മസാസ്മി പറഞ്ഞു.
കുറഞ്ഞ, ഇടത്തരം വരുമാനക്കാര്‍ക്ക് ചേരുന്ന ഭവന സൗകര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2040ഓടെ അബൂദബിയിലെ താമസക്കാരുടെ എണ്ണം 20 ലക്ഷം കവിയാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്റ്റുഡിയോകള്‍ മുതല്‍ വലിയ അപ്പാര്‍ട്ടുമെന്‍റുകള്‍ വരെ ന്യായമായ വിലക്ക് യൂണിറ്റുകള്‍ വികസിപ്പിക്കുന്ന മൂല്യഭവന പദ്ധതിക്കു തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

