അനധികൃത നിയമനം: യു.എ.ഇയിൽ 12 റിക്രൂട്ടിങ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsദുബൈ: ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയ 12 സ്ഥാപനങ്ങൾ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അടച്ചുപൂട്ടി. കേസുകൾ സാമ്പത്തിക വികസന അതോറിറ്റികളുമായി ഏകോപിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അതേസമയം, ലൈസൻസോടെ പ്രവർത്തിക്കുന്ന 57 ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം 300ലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം വെളിപ്പെടുത്തി. തൊഴിലാളി ജോലിക്ക് ഹാജരാകാതിരിക്കുകയോ റിക്രൂട്ടിങ് സ്ഥാപനത്തിലേക്ക് തിരികെ വരികയോ ചെയ്താൽ ആ തീയതി മുതൽ രണ്ടാഴ്ചക്കകം തൊഴിലുടമക്ക് റിക്രൂട്ടിങ് ഫീസുകൾ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ തിരികെ നൽകുന്നതിലുള്ള വീഴ്ചയാണ് ഇതിൽ ഭൂരിഭാഗം കേസുകളും.
അതോടൊപ്പം മന്ത്രാലയം അംഗീകരിച്ച സേവന പാക്കേജുകളുടെ വിവരങ്ങൾ ഉപഭോക്താക്കൾക്കായി പ്രദർശിപ്പിക്കുന്നതിലുള്ള വീഴ്ചകളും പരിശോധനയിൽ കണ്ടെത്തിയവയിൽ ഉൾപ്പെടും. ചില സ്ഥാപനങ്ങൾ ലൈസൻസില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മേഖലയിലെ ലംഘനങ്ങൾക്കെതിരെ മന്ത്രാലയം സ്വീകരിച്ച വിപുലമായ നിയമ നടപടികളാണ് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിലെ ഭരണപരമായ ഇത്തരം നിയമലംഘനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല.
ഫീൽഡ് അധിഷ്ഠിതവും ഡിജിറ്റൽ മേഖലയെ നിയന്ത്രിക്കുന്നതിനും ബാധകമായ നിയമനിർമാണത്തിന് അനുസൃതമായി നിയമലംഘനങ്ങൾ കണ്ടെത്താൻ സുതാര്യവും സുദൃഢവുമായ സംവിധാനങ്ങളാണ് ഉള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
തട്ടിപ്പിന് ഇരായാകാതിരിക്കാൻ തൊഴിലുടമകൾ ലൈസൻസുള്ള റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തണം. രാജ്യവ്യാപകമായി 136 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവണതകൾ റിക്രൂട്ടിങ് സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടായാൽ 80084, 600590000 എന്നീ നമ്പറുകളിൽ റിപോർട്ട് ചെയ്യാം.
ഏതെങ്കിലും കരാറുകളിൽ ഏർപ്പെടുന്നതിന് മുമ്പ്, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പരസ്യം ചെയ്യുന്ന സേവന ദാതാക്കളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള പ്രത്യേക നിയമചട്ടക്കൂടുകൾ പ്രകാരമാണ് യു.എ.ഇയിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

