ട്രക്കുകളുടെ അനധികൃത പാർക്കിങ്; വിപുലമായ കാമ്പയിനുമായി ആർ.ടി.എ
text_fieldsദുബൈ: ട്രക്കുകളുടെ അനധികൃത പാർക്കിങ് തടയുന്നതിനായി വിപുലമായ ബോധവത്കരണ കാമ്പയിന് തുടക്കമിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പ്രധാന റോഡുകളിൽ ട്രക്കുകൾ കൃത്യമായി പാർക്കു ചെയ്യുന്നുണ്ടോ എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തും. അനധികൃമായി റോഡരികുകളിൽ പാർക്ക് ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്ക് രണ്ട് ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ മെച്ചപ്പെടുത്തുന്നതിനൊപ്പം റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ദുബൈയുടെ നഗരഭൂപ്രകൃതി നിലനിർത്തുന്നതിനുമായുള്ള സുസ്ഥിര നടപടികളുടെ ഭാഗമാണ് പുതിയ ബോധവത്കരണ കാമ്പയിൻ എന്ന് ആർ.ടി.എ അറിയിച്ചു.
എമിറേറ്റിലുടനീളുമുള്ള പാലങ്ങൾക്ക് താഴേയും പ്രധാന റോഡുകളിലും അനധികൃതമായി പാർക്ക് ചെയ്യുന്ന ട്രക്കുകളെ കണ്ടെത്തുന്നതിനായി പരിശോധന ആരംഭിച്ചിരിക്കുകയാണ്. ശരിയായ രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പൊതു സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുമാണ് കാമ്പയിനിന്‍റെ പ്രാഥമികമായ ലക്ഷ്യമെന്ന് ആർ.ടി.എ റൈറ്റ് ഓഫ് എവേ ഡയറക്ടർ ആരിഫ് ശാക്കിരി പറഞ്ഞു. അലക്ഷ്യമായി പാർക്ക് ചെയ്യുന്നതിന്‍റെ അപകടം സംബന്ധിച്ച് കാർഗോ കമ്പനികളേയും ഹെവി വാഹന ഡ്രൈവർമാരേയും ബോധവത്കരിക്കും.
കൂടാതെ നിശ്ചിത സ്ഥലങ്ങളിൽ മാത്രം ട്രക്കുകൾ പാർക്ക് ചെയ്യേണ്ടതിന്‍റെ പ്രാധാന്യവും കാമ്പയിനിൽ എടുത്തുകാണിക്കും. നിയമം ലംഘിക്കുന്നവർക്ക് തുടക്കത്തിൽ 5000 ദിർഹമായിരിക്കും പിഴ. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. നിയമലംഘനത്തിന്‍റെ സ്വഭാവം അനുസരിച്ച് പിഴ രണ്ട് ലക്ഷം ദിർഹം വരെ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിൽ വിവിധയിടങ്ങളിലായി ട്രക്ക് ഡ്രൈവർമാർക്ക് പാർക്കിങ്, വിശ്രമ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രാർഥന മുറി, ഡീസൽ നിറക്കാനുള്ള സൗകര്യം, റീട്ടെയിൽ ഔട്ട്ലറ്റുകൾ, റസ്റ്റാറന്‍റുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് വിശ്രമ സ്ഥലം. പ്രധാന റോഡുകളിൽ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം ഇത്തരം വിശ്രമകേന്ദ്രങ്ങൾ സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

