നിയമവിരുദ്ധ പാർക്കിങ്: 9753 പേർക്കെതിരെ നടപടി
text_fieldsഅനധികൃതമായി പാർക്ക് ചെയ്ത വാഹനം ആർ.ടി.എ
ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നു
ദുബൈ: തിരക്കേറിയ നഗര പ്രദേശങ്ങളിലും റോഡിനിരുവശവും അലക്ഷ്യമായി വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 9753 പേർക്കെതിരെ നടപടിയെടുത്തതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പിടികൂടിയ വാഹനങ്ങൾ ദുബൈയിലെ ലബാബ് യാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ദുബൈയുടെ നഗര, സൗന്ദര്യം കാത്തുസൂക്ഷിക്കുകയും റോഡ് സുരക്ഷ വർധിപ്പിക്കുകയും നടപ്പാതകളിൽ കാൽനടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് നടപടി.
പൊതു പാർക്കിങ് ഇടങ്ങൾ, പാതകൾ എന്നിവ ദുരുപയോഗം ചെയ്യുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് കാമ്പയിനിൽ നിരീക്ഷിച്ചിരുന്നത്. ഇത്തരം നടപടികൾ ദുബൈയുടെ നഗര സൗന്ദര്യത്തെ മോശമാക്കുകയും ട്രാഫിക് സുരക്ഷയെ നേരിട്ട് ബാധിക്കുകയും ചെയ്യുമെന്ന് ആർ.ടി.എ ഓർമപ്പെടുത്തി. നടപ്പാതകളിൽ അനധികൃത പാർക്കിങ് നടത്തുന്നതിനെതിരെ ജനങ്ങളെ ബോധവത്കരിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ദുബൈയിലുടനീളം ആർ.ടി.എ കാമ്പയിൻ സംഘടിപ്പിച്ചുവരുന്നുണ്ട്. പിടിച്ചെടുത്ത് യാർഡിൽ സൂക്ഷിക്കുന്ന വാഹനങ്ങൾക്ക് തീപ്പിടിത്തം, മോഷണം എന്നിവയിൽ നിന്ന് സംരക്ഷണം നൽകാൻ സമഗ്രമായ ഇൻഷൂറൻസ് പരിരക്ഷയും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

