അനധികൃത മോടികൂട്ടൽ; ഷാർജയിൽ 100 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsഅനധികൃത മോടികൂട്ടിയതിനെ തുടർന്ന് ഷാർജ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ
ഷാർജ: അനധികൃതമായി മോടികൂട്ടിയ 100വാഹനങ്ങളും 40മോട്ടോർ സൈക്ലികളും പിടിച്ചെടുത്ത് ഷാർജ പൊലീസ്. എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ചെക് പോയിന്‍റുകളിലും മൊബൈൽ പട്രോളിങിനിടെ നടന്ന പരിശോധനയിലുമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. റോഡ് സുരക്ഷക്ക് ഭീഷണിയാകുന്നതും താമസക്കാർക്ക് അരോചകമാകുന്നതുമായ രീതിയിൽ പ്രവർത്തിച്ചതിനാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ ശബ്ദം വർധിക്കുന്നതിന് അടക്കം കാരണമാകുന്ന അനുമതിയില്ലാത്ത മോടികൂട്ടൽ ജനങ്ങളുടെ സുഖസൗകര്യങ്ങളെ ബാധിക്കുന്നതും ഡ്രൈവർമാരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷയെ ബാധിക്കുന്നതുമായ നിയലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പിൽ പറഞ്ഞു. എല്ലാ ഡ്രൈവർമാരും നിയമം പാലിക്കണമെന്നും ആരോഗ്യകരമായ രീതികൾ സ്വീകരിച്ച് പൊതുസുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് കൂട്ടിച്ചേർത്തു. പൊലീസ് നടപടിയുടെ ലക്ഷ്യം ഡ്രൈവർമാരെ ശിക്ഷിക്കലല്ലെന്നും ബോധവൽകരണം നൽകുകയും സമൂഹത്തിന് ദോഷകരമാകുന്ന സ്വഭാവം തിരുത്തലുമാണെന്നും അധികൃതർ വ്യക്തമാക്കി. യു.എ.ഇയിൽ ശബ്ദ ശല്യം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തപ്പെടും. ഫെഡറൽ ട്രാഫിക് നിയമപ്രകാരം മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ഹോണുകളോ മ്യൂസിക് സിസ്റ്റങ്ങളോ ഉപയോഗിച്ചാൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തും. മോടികൂട്ടിയതോ ഉച്ചത്തിലുള്ളതോ ആയ വാഹനങ്ങളിൽ നിന്നാണ് ശബ്ദം വരുന്നതെങ്കിൽ പിഴ 2,000 ദിർഹമും 12 ബ്ലാക്ക് പോയിന്റുകളുമാണ്. അനുമതിയില്ലാതെ മോടികൂട്ടിയ വാഹനങ്ങൾ കണ്ടുകെട്ടും. വാഹനം തിരിച്ചു ലഭിക്കാൻ ഉടമകൾ 10,000 ദിർഹം ഫീസ് നൽകേണ്ടിവരികയും ചെയ്യും. മൂന്ന് മാസത്തിന് ശേഷവും ഫീസ് അടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഷാർജയിൽ ശബ്ദശല്യത്തിന് 504 പിഴകളും, അജ്മാനിൽ 117 ഉം, ഫുജൈറയിൽ 8 ഉം പിഴകളും ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

