അനധികൃത തലമുടി മാറ്റിവെക്കൽ ക്ലിനിക്: ദുബൈയിൽ ഒരാൾ അറസ്റ്റിൽ
text_fieldsവ്യാജ ഹെയർ ട്രാൻസ്പ്ലാൻറ് ക്ലിനിക്ക്
ദുബൈ: ലൈസൻസില്ലാതെ അനധികൃതമായി തലമുടി മാറ്റിവെക്കൽ ക്ലിനിക് നടത്തിയ യുവാവിനെ ദുബൈ പൊലീസ് അറസ്റ്റുചെയ്തു. ദുബൈ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് ദുബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വകുപ്പ് നടത്തിയ പരിശോധനയിലാണ് താമസ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വ്യാജ ക്ലിനിക്ക് കണ്ടെത്തിയത്.
മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റിലെ ഒരു റൂമിലായിരുന്നു ശാസ്ത്രക്രിയ ഉൾപ്പെടെ ചികിത്സ. മുടി മാറ്റിവെക്കാനുള്ള നിരവധി മെഡിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്നുകൾ, അണുവിമുക്ത ഉപകരങ്ങൾ, വിവിധ തരം മരുന്നുകൾ തുടങ്ങിയവയും പരിശോധനയിൽ പൊലീസ് കണ്ടെത്തിയിരുന്നു.
ഫ്ലാറ്റിലെ രണ്ട് റൂമുകൾ താമസത്തിനായാണ് ഉപയോഗിച്ചിരുന്നത്. സമൂഹ മാധ്യമങ്ങൾ വഴി നൽകുന്ന പരസ്യങ്ങളിലൂടെയാണ് ഉപഭോക്താക്കളെ ആകർഷിച്ചിരുന്നത്. മരുന്നുകളും ഉപകരണങ്ങളും കണ്ടുകെട്ടിയ പൊലീസ് സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.
അനധികൃതമായി നടത്തുന്ന ഇത്തരം വ്യാജ ചികിത്സകൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം യു.എ.ഇയിലെ നിയമങ്ങളുടെ ലംഘനമാണെന്നും ദുബൈ പൊലീസ് അറിയിച്ചു. ഇത്തരം ചികിത്സകൾക്ക് അംഗീകൃത കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണം. ചികിത്സ തേടുന്നതിന് മുമ്പ് സേവന ദാതാക്കളുടെ ലൈസൻസ്, യോഗ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇത്തരം വ്യാജ ചികിത്സകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ദുബൈ പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

