ഹരിരാജ് വിടപറഞ്ഞത് കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങവെ; 27ന് മകന്റെ പിറന്നാളിന് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി എൻജിനീയറുടെ വിയോഗം
text_fieldsഹരിരാജ് സുദേവൻ
അബൂദബി: മലയാളിയായ ഹരിരാജ് സുദേവന്റെ അകാല വിയോഗത്തിന്റെ തീരാനൊമ്പരത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. മദ്രാസ് ഐ.ഐ.ടിയിലെ പൂർവവിദ്യാർഥിയായ ഹരിരാജ് ഒക്ടോബർ അഞ്ചിന് രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അബൂദബിയിൽ തന്നോടൊപ്പം താമസിക്കാനെത്തിയ ഭാര്യയെയും മകനെയും അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് യാത്രയാക്കി മണിക്കൂറുകൾക്കകമായിരുന്നു അന്ത്യം. ഭാര്യയെയും മകനെയും പറഞ്ഞയച്ച ശേഷം സുഹൃത്തിന്റെ വീട്ടിലെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. ഒക്ടോബർ അഞ്ചിന് രാത്രി 11.40 ഓടെ കുഴഞ്ഞുവീണ ഹരിരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ ഡോ. അനു അശോക്, മകൻ ഇഷാൻ ദേവ് ഹരി എന്നിവർ പത്ത് ദിവസം അബൂദബിയിൽ ഹരിരാജിനോടൊപ്പം ചെലവഴിച്ച ശേഷം ഞായറാഴ്ച വൈകുന്നേരമാണ് നാട്ടിലേക്ക് മടങ്ങിയത്. ആറുമാസത്തിലൊരിക്കൽ അവർ അബൂദബിയിലെത്തി ഹരിരാജിനൊപ്പം താമസിക്കാറുണ്ടായിരുന്നു. ഒക്ടോബർ 27ന് മകൻ ഇഷാന്റെ പത്താം ജന്മദിനം ആഘോഷിക്കാൻ നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരിക്കവെയാണ് ഹരിരാജിന്റെ അപ്രതീക്ഷിത വിയോഗം. ഹരിരാജ് മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹത്തോടെ കാത്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് കെ.പി. അശോകൻ പറഞ്ഞു.
’ഞങ്ങൾ എല്ലാവരും തകർന്നിരിക്കുകയാണ്. അവൻ ഇനി ഇല്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവുന്നില്ല’ -അദ്ദേഹം ഗൾഫ് ന്യൂസിനോട് പറഞ്ഞു. കുസാറ്റിൽ നിന്ന് ബി.ടെക്കും മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് എം.ടെക്കും നേടിയ സുദേവൻ 12 വർഷത്തിലേറെയായി യു.എ.ഇയിൽ സീനിയർ ഓഫ്‌ഷോർ കൺസ്ട്രക്ഷൻ എൻജിനീയറായാണ് ജോലി ചെയ്തിരുന്നത്.
ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ ഇറക്കിയ ശേഷം ഹരിരാജ് സുഹൃത്ത് ഡിജിൻ തോമസിന്റെ മകളുടെ ജന്മദിനം ആഘോഷിക്കാൻ അവരുടെ വീട്ടിലെത്തിയിരുന്നു."വിമാനത്താവളത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം എന്റെ അപ്പാർട്ട്മെന്റിൽ വന്നു. ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കുകയും മകളുടെ പിറന്നാൾ കേക്ക് മുറിക്കൽ പരിപാടികൾ നടത്തുകയും ചെയ്തു. അദ്ദേഹം മകൾക്ക് സമ്മാനവും നൽകി. കുട്ടികളോടൊപ്പം കളിച്ചു. എന്റെ മക്കൾ അദ്ദേഹവുമായി വളരെ അടുപ്പത്തിലായിരുന്നു’ -ഡിജിൻ തോമസ് പറഞ്ഞു.
അർധരാത്രിയോടെയാണ് ഹരിരാജിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ശ്വാസതടസ്സം അനുഭവപ്പെടുകയും വിയർക്കുകയും ചെയ്തു. റൂംമേറ്റ് സുജിത്ത് തോമസ് മറ്റൊരു സുഹൃത്തിനെ വിവരമറിയിക്കുകയും തുടർന്ന് ആംബുലൻസ് വിളിക്കുകയുമായിരുന്നു. സി.പി.ആർ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ഹരി മരണത്തിന് കീഴടങ്ങി.
ഹരിരാജിന് പ്രമേഹമുണ്ടായിരുന്നു. പക്ഷേ ഭക്ഷണക്രമത്തിലൂടെയും യോഗയിലൂടെയും അദ്ദേഹം അത് നിയന്ത്രിച്ചിരുന്നു. മികച്ച ഒരു ബാഡ്മിന്റൺ കളിക്കാരൻ കൂടിയായിരുന്നു ഹരിരാജ്. എന്നിരുന്നാലും, അടുത്തിടെ നടത്തിയ ഇ.സി.ജി പരിശോധന ഫലത്തെക്കുറിച്ച് അദ്ദേഹം ചില ആശങ്കകൾ പങ്കുവെച്ചിരുന്നു.
‘അദ്ദേഹം ഡോക്ടറെ സമീപിക്കുകയും ചില മെഡിക്കൽ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. പക്ഷെ, അവയിൽ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ചതിനുശേഷം അദ്ദേഹത്തിന് നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ടായിരുന്നു. പക്ഷെ അത് ഗ്യാസ്ട്രിക് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായിരിക്കുമെന്നാണ് അദ്ദേഹം കരുതിയിരുന്നത്’ -തോമസ് കൂട്ടിച്ചേർത്തു. ഹരിരാജിന്‍റെ സംസ്കാരം ചൊവ്വാഴ്ച ആലപ്പുഴയിലെ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

