ദുബൈയിൽ ഐ.ഐ.എഫ്.ടി കാമ്പസ് ഉടൻ; എക്സ്പോ സിറ്റിയിലായിരിക്കും കാമ്പസ്
text_fieldsഅബൂദബിയിൽ എത്തിയ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ
ദുബൈ: ഐ.ഐ.എം അഹമ്മദാബാദിനെ പിന്നാലെ ഇന്ത്യയിൽ നിന്ന് മറ്റൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം കൂടി ദുബൈയിൽ ഓഫ് ക്യാമ്പസ് ആരംഭിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്‍റെ (ഐ.ഐ.എഫ്.ടി) ദുബൈ ഓഫ് കാമ്പസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് വെളിപ്പെടുത്തിയത്. ദുബൈ എക്സ്പോ സിറ്റിയിൽ ഇന്ത്യൻ പവലിയന് അനുവദിച്ച സ്ഥലത്തായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കുക. തുടക്കത്തിൽ ഹ്രസ്വകാല കോഴ്സുകളും പിന്നീട് എം.ബി.എ. ഉൾപ്പെടെയുള്ള ബിരുദാനന്തര ബിരുദ പഠനസൗകര്യവും ഇവിടെ ആരംഭിക്കും. ഐ.ഐ.എഫ്.ടിയുടെ ആദ്യ വിദേശകാമ്പസാണ് ദുബൈയിലേതെന്നും മന്ത്രി അബൂദബിയിൽ പറഞ്ഞു.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഐ.ഐ.എഫ്.ടിയുടെ ദുബൈ ക്യാമ്പസ് ആരംഭിക്കുന്നതിന് വിദ്യാഭ്യാസം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്നും യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷനിൽ നിന്നും നേരത്തെ അനുമതി ലഭിച്ചിരുന്നു. യു.എ.ഇയിൽ നിന്നുള്ള അന്തിമ അനുമതി കൂടി ലഭിക്കുന്ന മുറക്ക് ക്യാമ്പസിന്‍റെ പ്രവർത്തനം തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളായ ഇന്ത്യൻ വിദ്യാർഥികൾക്കൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ക്യാമ്പസ് പ്രവേശനം നൽകും. ഡൽഹിയിലെ ഐ.ഐ.എഫ്.ടി ക്യാമ്പസിൽ നിന്നുള്ള സാമ്പത്തിക സ്രോതസോ, അകാദമിക അടിസ്ഥാന സൗകര്യങ്ങളോ ദുബൈ ക്യാമ്പസിനായി വകമാറ്റുകയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഗൾഫ് മേഖലകളിൽ ഇന്ത്യയുടെ അകാദമിക് സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓഫ് ക്യാമ്പസുകൾ സ്ഥാപിക്കുന്നത്. നേരത്തെ ഐ.ഐ.എം അഹമ്മദാബാദും ഡൽഹി ഐ.ഐ.ടിയും യു.എ.ഇയിൽ ഓഫ് ക്യാമ്പസിന് തുടക്കമിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

