ഐ.ഐ.എഫ്.എ അവാർഡ് ദാന ചടങ്ങ് അബൂദബിയിൽ
text_fieldsദുബൈ: അബൂദബി ആതിഥേയത്വം വഹിക്കുന്ന ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് (ഐ.ഐ.എഫ്.എ) 2024ന് ബോളിവുഡ് ചക്രവർത്തി ഷാരൂഖ് ഖാൻ അവതാരകനാകും. പ്രമുഖ നിർമാതാവ് കരൻ ജോഹറിനൊപ്പമാണ് മൂന്നു ദിവസത്തെ പുരസ്കാര ചടങ്ങിൽ ഷാരൂഖും എത്തുന്നത്. സെപ്റ്റംബർ 27 മുതൽ 29 വരെ അബൂദബി യാസ് ഐലൻഡിലാണ് പുരസ്കാര ദാന ചടങ്ങ്.
ബോളിവുഡ് താരം ഷാഹിദ് കപൂർ ഉൾപ്പെടെ വൻ താരനിരതന്നെ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മികച്ച നടന്മാരുടെ നാമനിർദേശ പട്ടികയിൽ രൺബീർ കപൂറും രൺവീറും ഉൾപ്പെട്ടപ്പോൾ മികച്ച നടിമാരുടെ പട്ടികയിൽ ദീപിക പദുക്കോൺ, ആലിയ ഭട്ട് എന്നിവരുടെ പേരുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.
അവാർഡ് ദാന ചടങ്ങിന്റെ ആദ്യ ദിനത്തിൽ പ്രമുഖ ബോളിവുഡ് താരങ്ങളുടെ മിന്നുംപ്രകടനങ്ങൾ അരങ്ങേറുന്ന ഐ.ഐ.എഫ്.എ ഉത്സവമാണ് നടക്കുക. രണ്ടാം ദിനത്തിലാണ് അവാർഡ് ദാന ചടങ്ങ്.

