ഐ.ഐ.സി ചാമ്പ്യൻഷിപ് 13ന്
text_fieldsഅബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിഭാഗം സംഘടിപ്പിക്കുന്ന ‘എം.എം. നാസർ മെമ്മോറിയൽ ഇലവൻസ് എ സൈഡ് ഫുട്ബാൾ ടൂർണമെന്റ് സീസൺ 2 ഏപ്രിൽ 13 ഞായറാഴ്ച സായിദ് സ്പോർട്സിറ്റിയിൽ നടക്കും.
മത്സരങ്ങൾ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കും. യു.എ.ഇയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനായിരുന്ന എം.എം. നാസറിന്റെ ഓർമക്കായാണ് ഐ.ഐ.സി ചാമ്പ്യൻഷിപ് ട്രോഫി മത്സരം സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിൽ എട്ട് ടീമുകൾ തമ്മിലാണ് മത്സരം നടക്കുക. മികച്ച ക്രമീകരണങ്ങളോടെ നടക്കുന്ന ഈ ടൂർണമെന്റ് അബൂദബിയിലെ കായിക പ്രേമികൾക്ക് ഒരു മികച്ച ടൂർണമെന്റാവും സമ്മാനിക്കുക എന്ന് സംഘാടകർ അറിയി ച്ചു. ടൂർണമെന്റിൽ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000 ,3000 , 1000 ദിർഹം കാഷ് പ്രൈസും ഐ.ഐ.സി ചാമ്പ്യൻഷിപ് ട്രോഫിയും മെഡലും ലഭിക്കും. പരിപാടിയിൽ സാമൂഹിക സാംസ്കാരിക കായിക മേഖലയിലെ വിശിഷ്ടാതിഥികളുടെ സാന്നിധ്യമുണ്ടാകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

