ഭരണാധികാരികൾക്ക് ഇഫ്താർ വിരുന്നൊരുക്കി
text_fieldsഅബൂദബി: യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾക്ക് ഇഫ്താർ വിരുന്നൊരുക്കി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. അബൂദബി ഖസ്ർ അൽ വതൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കിരീടാവകാശികളും മറ്റു ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും അടക്കമുള്ളവർ സന്നിഹിതരായിരുന്നു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, സുപ്രീംകൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല, സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങി പ്രമുഖരെല്ലാം സന്നിഹിതരായിരുന്നു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രസിഡന്റ് പദവിയിലെത്തിയശേഷം ആദ്യമായി എത്തുന്ന റമദാൻ എന്ന സവിശേഷത ഇത്തവണയുണ്ട്. ഭരണാധികാരികൾ പരസ്പരം ആശംസകൾ കൈമാറുകയും വിവിധ വിഷയങ്ങളിൽ ആശയ വിനിമയം നടത്തുകയും ചെയ്തു.

