പാനീയങ്ങളിൽ മധുരം കുറച്ചാൽ നികുതിയും കുറയും
text_fieldsദുബൈ: മധുരപാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്ന രീതിയിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും. അടുത്ത വർഷം മുതൽ മധുര പാനീയങ്ങളുടെ നികുതി നിശ്ചയിക്കുക അവയിൽ അടങ്ങിയ പഞ്ചസാരയുടെ അളവ് അനുസരിച്ചായിരിക്കും. ഉൽപന്നങ്ങളുടെ വിവിധ വിഭാഗങ്ങൾ അനുസരിച്ചുള്ള നിലവിലെ നികുതി ഘടനയിലാണ് മാറ്റം വരിക. പഞ്ചസാരയുടെ അളവ് അനുസരിച്ച് മധുരപാനീയങ്ങൾക്ക് 50 ശതമാനം വരെയായിരിക്കും നികുതി ഈടാക്കുക. ഉൽപാദകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിലയിരുത്താനും നിർമാണത്തിൽ മാറ്റങ്ങൾ വരുത്താനും ആവശ്യമായ സമയം അനുവദിച്ച ശേഷമാണ് ഈ പുതിയ പ്രഖ്യാപനം.
കൂടാതെ ഇതുസംബന്ധിച്ച ബോധവത്കരണ പരിപാടികളും അധികൃതർ സംഘടിപ്പിക്കും.
രാജ്യത്ത് ആരോഗ്യകരമായ ഉൽപന്നങ്ങൾ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ചില യൂറോപ്യൻ രാജ്യങ്ങളിൽ ഈ നിയമം പ്രാബല്യത്തിലാണ്. 2017 മുതൽ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാവുന്ന പുകയില ഉൽപന്നങ്ങൾ, കാർബോണേറ്റഡായ പാനീയങ്ങൾ, എനർജി ഡ്രിങ്സ് എന്നിവക്ക് ഉയർന്ന നികുതിയാണ് യു.എ.ഇ ചുമത്തുന്നത്. 2019ൽ ഇലക്ട്രോണിക് സ്മോക്കിങ് ഉപകരണങ്ങൾ, ഇത്തരം ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾ എന്നിവയിലേക്കും ഉയർന്ന നികുതി ഘടന വ്യാപിപ്പിച്ചു. ഇത്തരം ഉൽപന്നങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിനൊപ്പം ഉയർന്ന നികുതിയിൽനിന്നുള്ള വരുമാനം ആവശ്യമായ പൊതു സേവനങ്ങൾക്കായി സർക്കാർ പുനർനിക്ഷേപിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

