വായുനിലവാരം കൂട്ടിയാൽ പ്രതിവർഷം ലാഭം 59.6 കോടി
text_fieldsദുബൈ: ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് യു.എ.ഇയിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തിയാൽ രാജ്യത്തിന് പ്രതിവർഷം 59.6 കോടി ദിർഹം ലാഭിക്കാമെന്ന് പഠന റിപ്പോർട്ട്. വായുനിലവാരം വർധിപ്പിച്ചാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആശുപത്രി അഡ്മിഷനുകൾ, അകാല മരണങ്ങൾ എന്നിവ കുറക്കാൻ സാധിക്കും.
ഇതുവഴി കോടികളുടെ ചെലവ് കുറച്ച് കൊണ്ടുവരാൻ കഴിയുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുറഞ്ഞ വരുമാനമുള്ള സമൂഹങ്ങൾക്കായി ആരോഗ്യ ബോധവത്കരണവും ആരോഗ്യ വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിലൂടെ ജീവൻ രക്ഷിക്കാനും ഓരോ വർഷവും കോടിക്കണക്കിന് ദിർഹത്തിന്റെ സാമ്പത്തിക മൂല്യം സൃഷ്ടിക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു. ശനിയാഴ്ച ആഗോള ഉപഭോക്തൃ ആരോഗ്യ സ്ഥാപനമായ ഹാലിയോണിന്റെ സഹകരണത്തിലൂടെ ഇകണോമിക് ഇംപാക്ട് ആണ് റിപ്പോർട്ട് വികസിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട നയങ്ങൾ, സംവിധാനങ്ങൾ, കമ്യൂണിറ്റി സംരംഭങ്ങൾ എന്നിവയിലൂടെ 40 രാജ്യങ്ങൾക്ക് നല്ല ആരോഗ്യത്തിനുള്ള തടസ്സങ്ങൾ എങ്ങനെ നീക്കാൻ കഴിയുമെന്നാണ് പഠനം വിലയിരുത്തിയത്. വായു മലിനീകരണമാണ് ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളിയെന്ന് ഇകമോണിക് ഇംപാക്ട് സീനിയർ കൺസൽട്ടന്റ് ജെറാൾഡ് ദുൻലീവി പറഞ്ഞു.
ആശുപത്രി സന്ദർശനങ്ങൾ കുറയുന്നതിൽനിന്ന് മാത്രമല്ല, സമൂഹത്തിലുടനീളമുള്ള ആരോഗ്യകരവും കൂടുതൽ ഉൽപാദനക്ഷമവുമായ ജീവിതത്തിൽനിന്നാണ് ഈ സമ്പാദ്യം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ 94 ശതമാനം മനുഷ്യരും ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്ന തലത്തിനെക്കാൾ മലിനമായ വായുവാണ് ശ്വസിക്കുന്നത്. ഇത് അവരുടെ ആരോഗ്യത്തിന് ഹാനികരമാണ്. വായു മലിനീകരണം കുറച്ചാൽ നല്ല ആരോഗ്യവും സാമ്പത്തിക മെച്ചങ്ങളും ലഭിക്കും. താഴ്ന്ന വരുമാനമുള്ള ജനങ്ങൾക്ക് അത് വലിയ നേട്ടമായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

