‘ഐഡെക്സ്’ സമാപിച്ചു; ഒപ്പുവെച്ചത് കോടികളുടെ കരാറുകളില്‍
text_fieldsപ്രതിരോധ എക്സിബിഷൻ സന്ദർശിക്കുന്ന ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ
അബൂദബി: ലോകത്തിലെ വലിയ പ്രതിരോധ എക്സിബിഷനുകളിലൊന്നായ ഐഡെക്സ്, നവഡെക്സ് അബൂദബിയില്‍ സമാപിച്ചു. അഞ്ചുദിവസങ്ങളിലായി അരങ്ങേറിയ പ്രതിരോധ എക്സിബിഷനില്‍ യു.എ.ഇ പ്രതിരോധ മന്ത്രാലയവും അബൂദബി പൊലീസും തവസുന് കൗണ്‍സില്‍ മുഖേന 23.34 ശതകോടി ദിര്‍ഹമിന്റെ 56 കരാറുകളില്‍ ഒപ്പുവെച്ചു.
പ്രദര്‍ശനത്തിന്റെ അവസാന ദിനത്തില്‍ 2.25 ശതകോടി ദിര്‍ഹമിന്റെ 12 കരാറുകളിലാണ് ഒപ്പുവെച്ചതെന്ന് തവസുന് കൗണ്‍സില്‍ ഔദ്യോഗിക വക്താക്കളായ മാജിദ് അഹമ്മദ് അല്‍ ജാബിരി, സായിദ് സഈദ് അല്‍ മെറൈഖിയും കൗണ്‍സില്‍ അക്വിസിഷന്‍ മാനേജ്മെന്റ് സെക്ടര്‍ ചീഫ് അഹമ്മദ് അലി അല്‍ ഹര്മൂദിയും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അവസാന ദിനത്തില്‍ 160 കോടി ദിര്‍ഹമിന്റെ അഞ്ച് അന്താരാഷ്ട്ര കരാറുകളിലാണ് തവസുന് ഒപ്പുവെച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ച കൈവരിക്കാൻ എക്സിബിഷനിലൂടെ സാധിച്ചതായും വ്യക്തമാക്കി.
അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ എക്സിബിഷൻ വെള്ളിയാഴ്ച സന്ദർശിച്ചു. നാവിക, വ്യോമ പ്രതിരോധ ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്ന ആഭ്യന്തര, അന്തർദേശീയ കമ്പനികളുടെ പവിലിയനുകൾ അദ്ദേഹം സന്ദർശിച്ചു. അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ അഞ്ചുദിവസമായി നടന്ന പ്രദർശനം കാണുന്നതിന് നേരത്തെ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരടക്കം പ്രമുഖരും സന്ദർശിച്ചിരുന്നു.
ലോകമെമ്പാടുമുള്ള പ്രതിരോധ മേഖലയിലെ കമ്പനികളെ ആകർഷിച്ച ഐഡെക്സിൽ, യു.എ.ഇ സായുധസേനയും അബൂദബി പൊലീസും പരിപാടിയുടെ ആദ്യ നാല് ദിവസങ്ങളിൽ 21.14 ശതകോടി ദിർഹം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെച്ചിരുന്നു.സമുദ്ര പ്രതിരോധ വ്യവസായത്തിലെ ഏറ്റവും പുതിയ നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിച്ച പ്രദർശനമാണ് നാവഡെക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

