ഐ.സി.പി സൈക്ലിങ് ചാമ്പ്യൻഷിപ്പ്; ജി.ഡി.ആർ.എഫ്.എക്ക് മികച്ച വിജയം
text_fieldsഐ.സി.പി സംഘടിപ്പിച്ച സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ആദ്യ മൂന്നുസ്ഥാനം നേടിയ
ജി.ഡി.ആർ.എഫ്.എ താരങ്ങൾ ഉദ്യോഗസ്ഥർക്കൊപ്പം
അബൂദബി: ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) സംഘടിപ്പിച്ച സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന് (ജി.ഡി.ആർ.എഫ്.എ) മികച്ച വിജയം. അബൂദബിയിലെ ഹുദൈരിയത്തിൽ നടന്ന മത്സരത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ പ്രകടനമാണ് ജി.ഡി.ആർ.എഫ്.എ നടത്തിയത്. ഏറെ ആവേശകരമായ 40 കിലോമീറ്റർ പുരുഷവിഭാഗം റേസിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും ജി.ഡി.ആർ.എഫ്.എ സ്വന്തമാക്കി. അഹമ്മദ് അൽ മൻസൂരിയാണ് ഒന്നാമനായി ഫിനിഷ് ചെയ്തത്. തൊട്ടുപിന്നാലെ കിറിൽ മില്ലർ രണ്ടാം സ്ഥാനവും അബ്ദുൽ അസീസ് അൽ ഹജ്രി മൂന്നാം സ്ഥാനവും നേടി. മൂന്ന് മെഡലുകളും ഒരേ ടീം തന്നെ പങ്കിട്ടെടുത്തത് ടൂർണമെന്റിലെ ശ്രദ്ധേയമായ കാഴ്ചയായി.
പുരുഷന്മാർക്ക് പിന്നാലെ വനിതാ വിഭാഗത്തിലും ജി.ഡി.ആർ.എഫ്.എ മേൽക്കോയ്മ നിലനിർത്തി. ടീമിനായി മാഡി ബ്ലാക്ക് ഒന്നാം സ്ഥാനം നേടി സ്വർണ മെഡൽ സ്വന്തമാക്കി. കായികക്ഷമതയിലും വേഗത്തിലും മികച്ചുനിന്ന മാഡി ബ്ലാക്കിന്റെ പ്രകടനം ടീമിന്റെ വിജയത്തിളക്കം ഇരട്ടിയാക്കി. ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ ഐ.സി.പിയിലെ ഉന്നത ഉദ്യോഗസ്ഥർ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ഉദ്യോഗസ്ഥർക്കിടയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കായികക്ഷമത വർധിപ്പിക്കുന്നതിനും ഇത്തരം മത്സരങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വിജയികളായ ജി.ഡി.ആർ.എഫ്.എ ടീം അംഗങ്ങളെ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പ്രത്യേകം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

