ഗസ്സക്കായി ധനസഹായം കൈമാറി ഐ.എ.എസ്
text_fieldsഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് വൈ.എ. റഹിം മൂന്നു ലക്ഷം ദിർഹമിന്റെ ചെക്ക് ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിക്ക് കൈമാറുന്നു
ഷാർജ: ഗസ്സയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ അസോസിയേഷൻ ഷാർജ മൂന്നു ലക്ഷം ദിർഹത്തിന്റെ സാമ്പത്തിക സഹായം കൈമാറി. ഐ.എ.എസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി നസീർ ടി.വി, രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽമിദ്ഫ എന്നിവർ ചേർന്നാണ് ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിക്ക് മൂന്നു ലക്ഷം ദിർഹത്തിന്റെ ചെക്ക് കൈമാറിയത്. റെഡ് ക്രസന്റ്, ഷാർജ ചാരിറ്റി, ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ എന്നിവയുമായി ചേർന്നാണ് ഇന്ത്യൻ അസോസിയേഷൻ ഷാർജ, ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.
ഗസ്സയിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായുള്ള സംഭാവനകൾ എന്ന നിലയിൽ ഷാർജ-ചാരിറ്റിക്ക് മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, പുതിയ വസ്ത്രങ്ങൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവയും നൽകിയിട്ടുണ്ട്. സംഭാവനകൾ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ സ്വീകരിക്കുമെന്ന് വൈ.എ. റഹിം പറഞ്ഞു.

