‘അവൻ പോയെന്ന് വിശ്വസിക്കാനാവുന്നില്ല’
text_fieldsദുബൈ: ദുബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച സഫ്‌വാൻ ഷാനുവിന്‍റെ (38) അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് ദുബൈയിലെ ഭട്കൽ സമൂഹം. യു.എഇയിലെ പ്രവാസി കൂട്ടായ്മകൾക്കിടയിലും കളിക്കളങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ഭട്കൽ സ്വദേശി സഫ്‌വാൻ ഞായറാഴ്ചയാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ മരിച്ചത്. പ്രിയപ്പെട്ടവന്‍റെ പൊടുന്നനെയുണ്ടായ അകാല വിയോഗത്തിൽ താങ്ങാനാവാത്ത ദുഃഖത്തിലാണ് ബന്ധുമിത്രാദികൾ.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായി ദുബൈയിൽ താമസിച്ചുവരികയായിരുന്നു സഫ്‌വാൻ. സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും ഏറെ മുൻഗണന നൽകിയ പ്രിയ കൂട്ടുകാരനായിരുന്നു സഫ്‌വാനെന്ന് അടുത്ത സുഹൃത്ത് നബീൽ കാരിക്കൽ പറഞ്ഞു. ‘എനിക്ക് പ്രിയ സുഹൃത്തിനെ മാത്രമല്ല, ഹൃദയത്തോട് ചേർന്നുനിന്ന ഒരു സഹോദരനെക്കൂടിയാണ് നഷ്ടപ്പെട്ടത്. അവന്‍റെ പൊടുന്നനെയുള്ള വിയോഗം തീരാവേദനയാണ് സമ്മാനിക്കുന്നത്’ - നബീൽ പറയുന്നു.
ദുബൈയിലെ ഭട്കൽ പ്രവാസികൾക്കിടയിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്ന ‘നവായത് ക്രിക്കറ്റേഴ്സ് ദുബൈ’ എന്ന കൂട്ടായ്മയുടെ അമരക്കാരിലൊരാളായിരുന്നു അദ്ദേഹം. കളിമൈതാനങ്ങളിലും പുറത്തും പ്രവാസി കൂട്ടായ്മയെ ഒന്നിപ്പിച്ചു നിർത്തിയ സഫ്‌വാൻ, ഈ സൗഹൃദക്കൂട്ട് ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചിരുന്നു. തിരക്കുകൾക്കിടയിലും സുഹൃത്തുക്കളുടെ സുഖവിവരങ്ങൾ അന്വേഷിക്കാനും അവരെ പിന്തുണക്കാനും സഫ്‌വാൻ സമയം കണ്ടെത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
മികച്ച ബാറ്റ്സ്മാനായിരുന്ന സഫ്‌വാൻ, നാട്ടിലെയും ദുബൈയിലെയും പ്രാദേശിക ടൂർണമെന്‍റുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കാറുണ്ടായിരുന്നു. വെറുമൊരു കളി എന്നതിലുപരി, ക്രിക്കറ്റിനെ ഹൃദയത്തിലേറ്റിയ വ്യക്തിയായിരുന്നു സഫ്‌വാനെന്ന് 22 വർഷമായി ദുബൈയിലുള്ള ജൈലാനി മൊഹ്തിഷാം പറഞ്ഞു. നാലു മക്കളുടെ പിതാവായ സഫ്‌വാന്‍റെ വിയോഗം കുടുംബത്തെ വല്ലാതെ ഉലച്ചിരിക്കുകയാണ്. ഇളയ മകൾക്ക് നാലു മാസം മാത്രമാണ് പ്രായം. ‘എല്ലാവരും അവനെ ഒരുപാട് സ്നേഹിച്ചിരുന്നു. അവൻ ഞങ്ങളെ വിട്ടുപിരിഞ്ഞു എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’ -സഫ്‌വാന്‍റെ സഹോദരൻ മുഹമ്മദ് ഫൈറൂസ് ഷാനു നിറകണ്ണുകളോടെ പറഞ്ഞു.
സഫ്‌വാന്‍റെ വിയോഗം മാതാപിതാക്കൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. 14 വർഷം മുൻപ്, ഇവരുടെ ഏറ്റവും ഇളയ മകനായ ഗസ്‌വാൻ ഷാനുവും 16 വയസ്സു മാത്രമുള്ളപ്പോൾ സമാനമായ രീതിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ രണ്ടാമത്തെ മകനെയും മരണം കവർന്നത് ഈ വയോധികമാതാപിതാക്കളെ ആകെ തളർത്തിയിരിക്കുകയാണ്. മകന്‍റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അവർ ഭട്കലിൽനിന്ന് ദുബൈയിൽ എത്തിയിരുന്നു.
തിങ്കളാഴ്ച ദുബൈ അൽ ഖുസൈസ് ഖബർസ്ഥാനിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. സഫ്‌വാന്‍റെ കുടുംബത്തെ സഹായിക്കാൻ ദുബൈയിലെ ഭട്കൽ കമ്യൂണിറ്റി പൂർണ പിന്തുണയുമായി രംഗത്തുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന പ്രവാസി സമൂഹത്തിന് സഫ്‌വാന്‍റെ കുടുംബം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

