പുതുതലമുറ നൃത്തകലയെ ഫാഷൻ സ്റ്റാറ്റസായി കാണുന്നു -കലാമണ്ഡലം ഹൈമാവതി
text_fieldsദുബൈ: പുതുതലമുറ നൃത്തകലയെ ഗൗരവമായി കാണുന്നില്ലെന്നും കലാപഠനം ഫാഷന്‍ ട്രെന്‍ഡാക്കുന്ന സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും പ്രശസ്ത നര്‍ത്തകിയും നൃത്ത അധ്യാപികയും കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ കലാമണ്ഡലം ഹൈമാവതി. പഴയ കാലത്ത് ജീവിതത്തിെൻറ ഭാഗമായാണ് കലയെ സ്വീകരിച്ചിരുന്നത്. ഇന്നത് പ്രശസ്തിക്കും കുടുംബ മഹിമക്കും വേണ്ടിയുള്ള ഉപാധിയായി മാറിയിട്ടുണ്ട്.
കലാഗ്രാമം ദുബൈയില്‍ നടത്തിയ ‘നടന മോഹനം’ അരങ്ങേറ്റ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ ടീച്ചര്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
കലയോട് താൽപര്യമില്ലാത്ത കുട്ടികള്‍ പലപ്പോഴും രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി നൃത്ത അഭ്യാസത്തിന് നിര്‍ബന്ധിതരാവുന്ന അവസ്ഥയാണിന്ന്. മക്കള്‍ നൃത്തവും പഠിക്കുന്നുണ്ടെന്ന രക്ഷിതാക്കളുടെ പൊങ്ങച്ചത്തിെൻറ ഭാഗമാണിത് . ഈ ട്രെന്‍ഡ് തന്നെയാണ് സ്കൂള്‍ കലോത്സവ വേദികളിലും കണ്ടു വരുന്നത്.
സമ്മാനങ്ങളും അത് വഴി കൈവരുന്ന പ്രശസ്തിയും ഗ്രേസ് മാര്‍ക്കും മാത്രം ലക്ഷ്യമാകുമ്പോള്‍ നഷ്ടമാകുന്നത് കലയുടെ ശുദ്ധിയും പരിശീലനത്തിലെ സമര്‍പ്പണ മനോഭാവവുമാണ്.
മത്സര ബുദ്ധിയോടെ സമീപിക്കുമ്പോള്‍ കലകളുടെ സദുദ്ദേശം തന്നെ അസ്തമിക്കുന്നു. കുറച്ചുകാലമായി കലോത്സവങ്ങളില്‍ എടുത്തുപറയാവുന്ന പ്രതിഭകള്‍ ഉണ്ടാകുന്നില്ലെന്നതിന് പ്രധാന കാരണവും രക്ഷിതാക്കളുടെ മത്സരമാണ്.
വർഷങ്ങൾ നീണ്ട പഠനത്തിലൂടെ സ്വായത്തമാക്കുന്ന നൃത്തമെന്ന കല, ഗുളിക രൂപത്തിൽ കലോത്സവ വേദിയിൽ അവതരിപ്പിക്കുമ്പോൾ കുട്ടിയുടെ കഴിവ് എത്രമാത്രം വിലയിരുത്താൻ കഴിയുമെന്ന് ഹൈമാവതി ടീച്ചര്‍ ചോദിക്കുന്നു. കലയെ ആത്മാര്‍ഥമായി കണ്ടാല്‍ പ്രശസ്തിയും അവസരങ്ങളും കൂടെയുണ്ടാകും. കലയോടുള്ള സ്നേഹം ഈശ്വര വിശ്വാസത്തിന്‍റെ ഭാഗം കൂടിയാണ് . നമ്മുടെ കുട്ടിയെ ഏതെങ്കിലും ഒരു കല പഠിപ്പിക്കുന്നത് മുതലും പലിശയുമടക്കം തിരിച്ചുപിടിക്കാനെന്ന ലക്ഷ്യത്തോടെയാകരുത്. സമര്‍പ്പണ മനോഭാവത്തോടെ നൃത്ത കലയെ സമീപിക്കുന്നവര്‍ക്ക് നമ്മുടെ കലോത്സവ വേദികളില്‍ ഇടമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭാവിയില്‍ പ്രൊഫഷണലായി വളരാന്‍ അല്ലെങ്കില്‍ വാര്‍ത്തെടുക്കാന്‍ കഴിയുന്ന കൊച്ചു കലാകാരെ കലോത്സവ വേദികളില്‍ എത്തിക്കാനുള്ള സാധ്യകളുണ്ടാവണം.
അത്തരം കലാകാരന്മാരെയാണ് വിദ്യാലയങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതെന്നും ഹൈമാവതി ടീച്ചര്‍ അഭിപ്രായപ്പെട്ടു . റിയാലിറ്റി ഷോകളില്‍ കുട്ടികള്‍ക്ക് കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ നൃത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികള്‍ കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
