ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് നിര്യാതനായി
text_fieldsഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ്
ദുബൈ: യു.എ.ഇയുടെ അടിസ്ഥാനസൗകര്യവികസനത്തിന് വഴികാട്ടിയ പ്രമുഖ ഇമാറാത്തി വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ്നിര്യാതനായി. യു.എ.ഇയിലെ ആദ്യ റോഡ് നിർമിച്ച പ്രശസ്തമായ ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനാണ്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
യു.എ.ഇയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബും അദ്ദേഹം ചെയർമാനായിരുന്ന ഖാൻ സാഹബ് എന്ന സ്ഥാപനവും. 1935 ഇദ്ദേഹത്തിന്‍റെ അമ്മാവൻ ഖാൻ സാഹബ് ഹുസൈനാണ് ബ്രിട്ടീഷ് സർക്കാറുമായി ചേർന്ന് ഖാൻ സാഹബ് എന്ന കോൺട്രാക്ടിങ് കമ്പനിക്ക് തുടക്കമിട്ടത്.
ഷാർജയിൽ നിന്ന് റാസൽഖൈമയിലേക്കുള്ള യു.എ.ഇയിലെ ആദ്യത്തെ റോഡ് നിർമിക്കുന്നത് ഇവരുടെ സ്ഥാപനമാണ്. പിന്നീട് ദുബൈ ക്ലോക്ക് ടവർ റൗണ്ട് എബൗട്ട്, ഷാർജ സെന്‍റ് മേരീസ് ചർച്ച്, ഷാർജ വിമാനത്താവളം, ദുബൈയിലെ മാൾ ഓഫ് ദി എമിറേറ്റ് വരെ നീളുന്ന യു.എ.ഇയുടെ ലാൻഡ്മാർക്കായ നിരവധി കെട്ടിടങ്ങളുടെ വരെ നിർമാണത്തിൽ ഇവർ പങ്കുവഹിച്ചു.
1954 മുതൽ 2016 വരെ സ്ഥാപനത്തിന്റെ ചെയർമാനായിരുന്നു ഹുസൈൻ അബ്ദുറഹ്മാൻ ഖാൻസാഹബ്. യു.എ.ഇയുടെ അടിസ്ഥാന സൗകര്യത്തിന്‍റെ വഴികാട്ടി എന്നാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അനുശോചന സന്ദേശത്തിൽ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശനിയാഴ്ച ദുഹുർ നമസ്കാരത്തിന് ശേഷം ദുബൈ ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

