മനുഷ്യത്വവും മൂല്യബോധവും നഷ്ടപ്പെടുന്നു -സമദാനി
text_fieldsഅബൂദബി: സാംസ്കാരിക ഉന്നതി പ്രാപിച്ചെന്ന അവകാശവാദങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍നിന്ന് മനുഷ്യത്വവും മൂല്യബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘിടിപ്പിച്ച പരിപാടിയില്‍ ‘തിരുനബി: സൗമ്യചരിതം മനുഷ്യകുലത്തിന് കരുണയുടെ ശാശ്വതപാഠങ്ങള്’ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുരോഗമനത്തിന്റെ പേരിലുള്ള അവകാശവാദങ്ങള്‍ പെരുകുമ്പോഴും ദയനീയമായ സാംസ്കാരിക അധഃപതനമാണ് മനുഷ്യരാശിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം വർധിക്കുന്നുണ്ട്. പക്ഷേ വിവരവും വിവേകവും കുറഞ്ഞുപോവുകയാണ്. മനുഷ്യര്‍ക്കിടയിലുള്ള ഉച്ചനീചത്വങ്ങളെയും വിവേചനങ്ങളേയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാഷണ പരിപാടി ലുലു ഗ്രൂപ് ചെയര്മാന് പത്മശ്രീ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്തു. പ്രവാചകന് മുഹമ്മദ് നബിയുടെ ജീവിതത്തിലെ ഓരോ ഏടുകളും ഉദാത്തമാണെന്ന് യൂസുഫലി പറഞ്ഞു. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ച നബിയുടെ ജീവിതസന്ദേശം സമഗ്രമാണ്. നിത്യജീവിതത്തില്‍ ഒരു വ്യക്തി പാലിക്കേണ്ട എന്തെല്ലാമുണ്ടോ, അതെല്ലാം സ്വജീവിതത്തില്‍ പാലിച്ച് മാതൃക കാട്ടിയ പ്രവാചകന്റെ ജീവിതം മുഴുവനും പാഠമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ആക്ടിങ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി അധ്യക്ഷത വഹിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുല്ല സ്വാഗതം പറഞ്ഞു. ആത്മീയ പ്രഭാഷകന്‍ അഭിലാഷ് ഗോപിക്കുട്ടന്പിള്ള, അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, സെന്റര്‍ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് തങ്ങള്‍, വി.ടി.ബി. ദാമോദരന്‍ എന്നിവർ സംസാരിച്ചു. സെന്റര്‍ ട്രഷറര്‍ നസീര്‍ രാമന്തളി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

