ഹുക്ക കഫേകള്‍ വീണ്ടും തുറക്കുന്നതിന് അജ്മാൻ നഗരസഭ അനുമതി
text_fieldsഅജ്മാന്: അജ്മാനിലെ ഹുക്ക കഫേകള്‍ വീണ്ടും തുറക്കുന്നതിനായി നഗരസഭ അനുമതി നല്കി. കോവിഡ് പ്രതിസന്ധിയില്‍ അയവുവന്നതോടെയാണ് പ്രത്യേകം നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളിലെ ഹുക്ക കഫേകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതു മുതൽ ഇത്തരം കഫേകള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.
പ്രവര്‍ത്തനമാരംഭിക്കുന്ന ഹുക്ക കഫേകള്‍ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചിരിക്കണമെന്ന് നഗരസഭ പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സമൂഹത്തിൽ രോഗം പകരുന്നത് തടയുന്നതിനുമായി നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്ന് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി മേഖലയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയറിങ് ഖാലിദ് മൊയിൻ അൽ ഹൊസനി നിര്‍ദേശിച്ചു.
ദിവസേന തുറക്കുന്നതിനുമുമ്പ് അണുവിമുക്തമാക്കണമെന്നും സന്ദർശകരുടെ ഓരോ ഉപയോഗത്തിനും മുമ്പും ശേഷവും എല്ലാ ഭാഗങ്ങളും ശുചീകരിക്കണമെന്നും ശുചീകരണത്തിന് മേൽനോട്ടം വഹിക്കാൻ യോഗ്യതയുള്ള വ്യക്തിയെ നിയമിക്കണമെന്നും സുരക്ഷിതമായ ശാരീരിക അകലം ദൂരം (രണ്ടുമീറ്റർ) പാലിക്കുന്നുണ്ടെന്നും ഓരോ ടേബിളിനുമിടയിൽ ആവശ്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നഗരസഭ നിര്‍ദേശിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ നിർദേശങ്ങൾ പാലിക്കാത്ത 11 സ്ഥാപനങ്ങൾ അജ്മാന് നഗരസഭ അടച്ചുപൂട്ടിയിരുന്നു.