യു.എ.ഇയിൽ ഗതാഗത രംഗത്ത് വൻ പദ്ധതികൾ; പുതിയ ദേശീയപാത വരുന്നു
text_fieldsഎമിറേറ്റ്സ് റോഡ് വികസന പദ്ധതിയുടെ രൂപരേഖ (ഫയൽ)
ദുബൈ: രാജ്യത്തെ ഗതാഗതം സുഗമമാക്കാൻ നടപ്പാക്കുന്ന വൻ പദ്ധതികളുടെ ഭാഗമായി നാലാമത് ദേശീയപാത നിർമിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുന്നു. 120കി.മീറ്റർ നീളത്തിൽ 12 വരി പാതയാണ് ലക്ഷ്യമിടുന്നത്. ഓരോ ദിവസവും 3.6 ലക്ഷം പേർക്ക് പാതയിലൂടെ സഞ്ചരിക്കാനാകും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 1700 കോടി ദിർഹമിന്‍റെ ദേശീയ റോഡ്, ഗതാഗത നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ദേശീയപാത നിർമാണം പരിഗണിക്കുന്നത്.
2030ഓടെ നടപ്പാക്കാൻ ലക്ഷ്യമിടുന്ന റോഡ് പദ്ധതി സംബന്ധിച്ച് യു.എ.ഇ ഗവൺമെന്‍റ് വാഷിക യോഗത്തിൽ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്റൂയിയാണ് വെളിപ്പെടുത്തിയത്. പദ്ധതി അംഗീകാരം നേടിയ ശേഷം നടപ്പായാൽ രാജ്യത്തെ വിവിധ എമിറേറ്റുകളിലൂടെ കടന്നുപോകുന്ന നാലാമത്തെ ദേശീയ പാതയായി മാറും. നിലവിൽ ഇ11 അഥവാ അൽഇത്തിഹാദ് റോഡ്, ഇ311 എന്ന ശൈഖ് മുഹമ്മദ് ബിൻ സയിദ് റോഡ്, ഇ611 എന്ന എമിറേറ്റ്സ് റോഡ് എന്നിങ്ങനെ മൂന്ന് ഫെഡറൽ പാതകളാണുള്ളത്. ദുബൈക്കും വടക്കൻ എമിറേറ്റുകൾക്കുമിടയിൽ ദിനംപ്രതി 8.5ലക്ഷം യാത്രക്കാർക്ക് ഈ പാതകളിലൂടെ സഞ്ചരിക്കാനാകും.
യു.എ.ഇയുടെ ജനസംഖ്യയും സാമ്പത്തിക വളർച്ചയും വർധിക്കുന്നതിന് അനുസൃതമായി മൂന്ന് ഫെഡറൽ ഹൈവേകളുടെ നവീകരണവും നടപ്പിലാക്കിവരുന്നുണ്ട്. ഇതിനൊപ്പമാണ് പുതിയ ഹൈവേയും ആസൂത്രണം ചെയ്യുന്നത്. സമഗ്രമായ വിപുലീകരണ പദ്ധതിയിലൂടെ ഫെഡറൽ റോഡ് ശൃംഖലയുടെ കാര്യക്ഷമത അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 73 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഓരോ ദിശയിലും പാതകളുടെ എണ്ണം 19 ൽ നിന്ന് 33 ആയി വർധിക്കുമെന്നും മന്ത്രി അൽ മസ്റൂയി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഇത്തിഹാദ് റോഡ് ഓരോ ദിശയിലേക്കും മൂന്ന് വരികൾ വർധിപ്പിച്ച് ആകെ ഉൾകൊള്ളൽ ശേഷി 60 ശതമാനം വർധിപ്പിക്കും. ഇതോടെ ആകെ വരികളുടെ എണ്ണം 12എണ്ണമാകും. എമിറേറ്റ്സ് റോഡ് മുഴുവൻ നീളത്തിലും 10 വരികളായി വികസിപ്പിക്കും. ഇത് ശേഷി 65 ശതമാനം വർധിപ്പിക്കുകയും യാത്രാ സമയം 45 ശതമാനം കുറക്കുകയും ചെയ്യും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് 10 വരികളായി വീതികൂട്ടുകയും ശേഷി 45 ശതമാനം വർധിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടും. എമിറേറ്റ്സ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 75കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഇൗ പദ്ധതി രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

