Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറിയൽ എസ്റ്റേറ്റിൽ വൻ...

റിയൽ എസ്റ്റേറ്റിൽ വൻ മുന്നേറ്റം; ദുബൈയിൽ 2026ൽ നിർമാണം പൂർത്തിയാകുന്ന 83 ശതമാനം വീടുകളും വിറ്റഴിഞ്ഞു

text_fields
bookmark_border
റിയൽ എസ്റ്റേറ്റ്
cancel

ദുബൈ: ഈ വർഷം നിർമാണം പൂർത്തിയാക്കി വിപണിയിലെത്തുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളിൽ 83 ശതമാനവും ഇതിനകം വിറ്റഴിഞ്ഞതായി വിപണി വിശകലന റിപ്പോർട്ട്. ‘ഫാം പ്രോപ്പർട്ടീസ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026ൽ കൈമാറ്റത്തിന് സജ്ജമാകുന്ന 96,585 വീടുകളിൽ 80,127 എണ്ണത്തിന്‍റെയും (82.9%) വിൽപന പൂർത്തിയായി. ഇതിൽ വില്ലകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. വിപണിയിലെത്തുന്ന വില്ലകളിൽ 95 ശതമാനവും ഫ്ലാറ്റുകളിൽ 82 ശതമാനവും ഉടമകൾ സ്വന്തമാക്കിക്കഴിഞ്ഞു.

നിലവിൽ നഗരത്തിലുടനീളം നിർമാണ ഘട്ടത്തിലുള്ള 5,64,072 വീടുകളിൽ 75.5 ശതമാനം യൂനിറ്റുകളും മുൻകൂട്ടി വിറ്റുപോയതാണ്. ഇതിൽ 4,95,775 അപ്പാർട്ടുമെന്‍റുകളും 68,297 വില്ലകളും ഉൾപ്പെടുന്നു. സുതാര്യമായ ഭരണസംവിധാനവും നിർമാണ രംഗത്തെ വിശ്വാസ്യതയുമാണ് പദ്ധതികൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ വസ്തുക്കൾ വാങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ചില പ്രമുഖ മേഖലകളിൽ ഈ വർഷം കൈമാറ്റം ചെയ്യപ്പെടുന്ന വീടുകളുടെ 100 ശതമാനം വിൽപനയും പൂർത്തിയായിട്ടുണ്ട്.

അൽ വസ്‌ൽ മേഖലയിലെ അപ്പാർട്ടുമെന്‍റുകളും വാദി അൽ സഫ 5, നാദ് അൽ ശെബ ഫസ്റ്റ്, അൽ ഹെബിയ സിക്സ് എന്നീ പ്രദേശങ്ങളിലെ വില്ലകളും പൂർണമായും വിറ്റഴിഞ്ഞു. കൂടാതെ പാം ജുമൈററ, ജുമൈറ ലേക്ക് ടവേഴ്‌സ്, ഡൗൺടൗൺ ദുബൈ, ബിസിനസ് ബേ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും 88 മുതൽ 96 ശതമാനം വരെ ഉയർന്ന വിൽപന നിരക്കാണ് രേഖപ്പെടുത്തിയത്. വില്ല കമ്യൂണിറ്റികളിൽ അൽ ഹെബിയ ഫിഫ്ത് (98.7 ശതമാനം), ദുബൈ സൗത്ത് (94.5 ശതമാനം) എന്നിവയും വൻ ജനപ്രീതിയുള്ളവയാണ്.

ദുബൈ ലാൻഡ് ഡിപാർട്മെന്‍റിന്‍റെ കണക്കുകൾ പ്രകാരം 2026 ആദ്യ പകുതിയിൽ മാത്രം 11,100 കോടി ദിർഹത്തിലധികം നിക്ഷേപമൂല്യമുള്ള 104 പദ്ധതികളിലായി 24,537 പുതിയ യൂനിറ്റുകൾ പൂർത്തിയായിട്ടുണ്ട്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 36 ശതമാനത്തിലധികം വർധനവാണ്. ദുബൈയിലെ നിലവിലെ ജനസംഖ്യ 45.8 ലക്ഷം കടന്നതും 80,000ലധികം മില്യനയർമാർ നഗരത്തെ തങ്ങളുടെ കേന്ദ്രമാക്കിയതുമാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഈ അവിശ്വസനീയ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം.

അബൂദബിയിൽ രണ്ടാം പാദത്തിലും ഹുദൈരിയ്യാത്ത് ദ്വീപ് മുന്നിൽ

അബൂദബി: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഹുദൈരിയ്യാത്ത് ദ്വീപ്. 2026 വർഷത്തെ രണ്ടാം പാദത്തിലും ഏറ്റവും കൂടുതൽ വിൽപന മൂല്യം രേഖപ്പെടുത്തിയാണ് ഹുദൈരിയ്യാത്ത് മുന്നേറ്റം തുടരുന്നത്. അബൂദബി റിയൽ എസ്റ്റേറ്റ് സെന്‍റർ (അഡ്രെക്) പുറത്തുവിട്ട 2026ലെ ആദ്യപകുതിയിലെ റിയൽ എസ്റ്റേറ്റ് വിപണി റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

തൊട്ടടുത്ത പാദത്തിലും ആധിപത്യം നിലനിർത്തിയ ഹുദൈരിയ്യാത്ത് ദ്വീപിൽ 1900 കോടി ദിർഹമിന്‍റെ വിൽപനയാണ് നടന്നത്. എമിറേറ്റിലെ ആകെ റസിഡൻഷ്യൽ വിൽപന മൂല്യത്തിന്‍റെ 27 ശതമാനം വരും ഇത്.

1330 കോടി ദിർഹമിന്‍റെ വിൽപനയുമായി സാദിയ്യാത്ത് ദ്വീപാണ് രണ്ടാം സ്ഥാനത്ത്. അബൂദബി ഗ്ലോബൽ മാർക്കറ്റ് (എ.ഡി.ജി.എം.) മേഖലയിൽ പെടുന്ന അൽ റീം, അൽ മർയ ദ്വീപുകളാണ് മൂന്നാമത്. ഇവിടെ ആകെ 1050 കോടി ദിർഹമിന്‍റെ വിൽപന നടന്നു. തൊട്ടുപിന്നിലുള്ള യാസ് ഐലൻഡിൽ 730 കോടി ദിർഹമിന്‍റെ കച്ചവടവും രേഖപ്പെടുത്തി.

ഈ വർഷത്തെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം അബൂദബിയിലെ ആകെ റസിഡൻഷ്യൽ സ്റ്റോക്കിന്‍റെ 22 ശതമാനത്തിലധികവും ഇൻവെസ്റ്റ്‌മെന്‍റ് സോണുകളിലാണ്. ഏകദേശം 72000 യൂനിറ്റുകളാണ് ഈ മേഖലകളിലുള്ളത്.

ഇതിൽ ഏറ്റവും കൂടുതൽ യൂനിറ്റുകളോടെ അൽ റീം ഐലൻഡ് (27500 യൂനിറ്റുകൾ) ഒന്നാമതെത്തി. അൽ റാഹ, യാസ് ഐലൻഡ്, അൽ സാദിയ്യാത്ത് ഐലൻഡ് എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന ഇൻവെസ്റ്റ്‌മെന്‍റ് സോണുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 83 percent of homes under construction in Dubai have been sold
Next Story