തീരുമാനങ്ങൾ ഇനി അതിവേഗം; ഉന്നത ഉദ്യോഗസ്ഥർക്ക് ‘ആപ്’
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ്
ദുബൈ: അതിവേഗം വളരുന്ന എമിറേറ്റിൽ ഇനി സുപ്രധാന തീരുമാനങ്ങളും അതിവേഗമുണ്ടാകും. ഉന്നത സർക്കാർ ഉദ്യോഗസ്ഥരും തീരുമാനമെടുക്കുന്നവരും തമ്മിലുള്ള ഫലപ്രദവും വേഗത്തിലുള്ളതുമായ ആശയവിനിമയം സുഗമമാക്കുന്നതിന് പുതിയ ‘ഹബ്നബ്’ എന്ന ആപ് വികസിപ്പിച്ചാണിത് സാധ്യമാക്കുന്നത്.
ആപ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുറത്തിറക്കിയത്. തൽസമയ സന്ദേശമയക്കൽ, വോയ്സ് സന്ദേശങ്ങൾ, വിഡിയോ, ഓഡിയോ കാളുകൾ എന്നിവയുൾപ്പെടെ വിപുലമായ സേവനങ്ങൾ ആപ്പിൽ ലഭ്യമാണ്. ഫോട്ടോകൾ, ഡോക്യുമെന്റുകൾ, വെബ്സൈറ്റുകൾ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ പങ്കുവെക്കാനും ഇതിലൂടെ സാധിക്കും.
എമിറേറ്റിലെ ഡിജിറ്റൽ വകുപ്പായ ‘ഡിജിറ്റൽ ദുബൈ’ വികസിപ്പിച്ചെടുത്ത ആപ്, എല്ലാ മേഖലകളിലെയും സർക്കാർ ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു പ്ലാറ്റ്ഫോമായാണ് പ്രവർത്തിക്കുക. ഭരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന് ഉടനടി തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം പരിഗണിച്ചാണ് സംവിധാനം വികസിപ്പിച്ചത്.
ലോകത്തെ മുൻനിര ഗവൺമെന്റ് എന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് വേഗത്തിലും ഫലപ്രദവുമായ തീരുമാനങ്ങൾ എടുക്കുന്നത് ഉറപ്പാക്കുകയാണ് ആപ്പെന്ന് ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കപ്പുറം മികച്ച സേവനങ്ങൾ നൽകുന്നതിനും ഗവൺമെന്റിന്റെ കാര്യക്ഷമതയും സമൂഹത്തിന്റെ സന്തോഷവും വർധിപ്പിക്കുന്നതിനും എല്ലാ പിന്തുണയും നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശയങ്ങൾ കൈമാറ്റം ചെയ്യുന്നതിനും ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനും സർക്കാർ നേതൃത്വത്തിലെ തൽക്ഷണ ആശയവിനിമയം സാധ്യമാക്കുന്ന വിപുലമായ പ്ലാറ്റ്ഫോമാണ് ഹബ് നബെന്ന് ഡിജിറ്റൽ ദുബൈ ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരി പറഞ്ഞു. സർക്കാർ നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിലും ജനങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിലും എമിറേറ്റ് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

